തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കായി കുടുംബശ്രീ നല്‍കുന്ന വായ്പക്ക് വേണ്ടി അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുകയെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി അറിയിച്ചു.
സര്‍ക്കാരാണ് വായ്പയുടെ പലിശ നിർവഹിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. അഞ്ച് ലക്ഷത്തിലേറെ പേര്‍ അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിലും വായ്പയ്ക്ക് അപേക്ഷ നല്‍കുക രണ്ടു ലക്ഷത്തോളം പേരാകുമെന്നാണ് കുടുംബശ്രീയുടെ കണക്ക്. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി.