മുക്കം: സംസ്ഥാനത്തെ 5,000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കാനൊരുങ്ങി കുടുംബശ്രീ. കുടുംബശ്രീയും പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) അനുസരിച്ചാണ് പദ്ധതി. 2020 മാര്‍ച്ചോടെ പദ്ധതി നടപ്പാക്കാനാണുദ്യേശിക്കുന്നത്. നേരത്തേ ആക്സിസ് ബാങ്കുമായും സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു.
കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 9436 കുടുംബങ്ങള്‍ക്ക് ഇതനുസരിച്ച് വായ്പ നല്‍കിക്കഴിഞ്ഞു. പിഎംഎവൈ (നഗരം) യുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. 2022 ഓടെ നഗരപ്രദേശത്തെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംഎവൈ. ഇതിന്റെ ഭാഗമായി നഗര പ്രദേശത്തെ ഭവന രഹിതരര്ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്കുന്ന പദ്ധതിയാണിത്.
കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിര താമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്കീം അനുസരിച്ച് ആറ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി.
ആറ് മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് 9 ലക്ഷം രൂപ വരെയുള്ള വായ്പ തുകക്ക് പലിശ സബ്സിഡി ലഭിക്കും. നാല് ശതമാനമാണിത്. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് പലിശ സബ്സിഡി ലഭിക്കുന്ന പരമാവധി വായ്പ തുക 12 ലക്ഷമാണ്. മൂന്ന് ശതമാനമാണ് പലിശ സബ്സിഡി. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വർഷമാണ്.