തൃശൂർ: ഓണാഘോഷത്തിനു മാറ്റേകാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉപ്പേരിയും ശർക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ബ്രാൻഡ് ചെയ്തു പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല പ്രോഡക്ട് ലോഞ്ച് പുഴയ്ക്കൽ വെഡ്ഡിംഗ് വില്ലേജിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽനിന്ന് 700 കുടുംബശ്രീ സംരംഭകർ ബ്രാൻഡിന്റെ ഭാഗമാകും.
കോർപറേറ്റ് ബ്രാൻഡുകളോടു കിടപിടിക്കുന്ന രീതിയിലാണു കുടുംബശ്രീ ഉത്പന്നം വിപണിയിൽ എത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഓണത്തിന് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതു കൂടുതൽ വ്യാപാരസാധ്യതകളുണ്ടാക്കും. സമാനയൂണിറ്റുകളെ ഏകോപിപ്പിച്ചു ജില്ലാതലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണു പ്രവർത്തനം.
ജനകീയ ഹോട്ടൽ, കുടുംബശ്രീ പ്രീമിയം ഹോട്ടൽ, ലഞ്ച് ബെൽ സംവിധാനം എന്നിവയും ആരംഭിച്ചു. ഈ പദ്ധതികൾ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ഫ്രഷ് ബൈറ്റ്സ് ബ്രാൻഡിംഗ് നടത്തിയത്.
മന്ത്രി കെ. രാജൻ അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷൻ നോണ്‍ ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസർ എ.എസ്. ശ്രീകാന്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, തൃശൂർ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ്. വസന്തലാൽ, ആളൂർ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ കെ.ആർ. ജോജോ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ ടി.എ. ജീന, സിഡിഎസ് ചെയർപേഴ്സണ്‍മാരായ സത്യഭാമ വിജയൻ, റെജുല കൃഷ്ണകുമാർ, തൃശൂർ കറിപൗഡർ കണ്‍സോര്‍ഷ്യം പ്രസിഡന്റ് കെ.എൻ. ഓമന, കുടുംബശ്രീ ഫുഡ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് ക്ലസ്റ്റർ പ്രസിഡന്റ് സ്മിത സത്യദേവ്, ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.