കൊല്ലം :നാലുവര്‍ഷത്തിനകം കുടുംബശ്രീ സംരഭകത്വ യൂണിറ്റുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബശ്രീ ജില്ലാ വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക ഭദ്രത നേടുന്നതിലൂടെ മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാവൂ. ഫാഷന്‍ ടെക്നോളജി ഉള്‍പ്പെടെ തൊഴില്‍ സംരംഭങ്ങളുടെ സാധ്യതകള്‍ അനവധിയാണ്. കുടുംബശ്രീ അംഗങ്ങള്‍ക്ക് സാങ്കേതികമായ പരിജ്ഞാനം നല്കാന് നിരവിധി സ്ഥാപനങ്ങളും ഇന്ന് ജില്ലയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കുത്തക കമ്പനികള്‍ നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ കച്ചവട സാധ്യത മുന്നില്‍ കണ്ട് കുടുംബശ്രീ സംരംഭങ്ങള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ നര്‍ത്തകി രാജശ്രീ വാര്യരെ മന്ത്രി ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഷൈല സലിംലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജോയ് ചന്ദ്രന്, റീന സെബാസ്റ്റിയന്, പി ആര് ദീപ്തി, എ ജി സന്തോഷ്, എസ് സബൂറാ ബീവി, വി ആര് അജു തുടങ്ങിയവര്‍ പ്രസംഗിച്ചു.