ആലപ്പുഴ: രാസവളമേൽക്കാത്ത ജൈവ പച്ചക്കറി വിപണനവുമായി കുടുംബശ്രീ വനിതകൾ. സംസ്ഥാന കൃഷി വകുപ്പിന്റെ ഗ്രാമീണ കാർഷികച്ചന്ത പദ്ധതിപ്രകാരം ആലപ്പുഴ കൃഷി ഭവനിലാണ് ജൈവ പച്ചക്കറി വിപണന കേന്ദ്രം കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്.
വെള്ളിയാഴ്ചകളിൽ രാവിലെ 9.30 മുതലാണ് കാർഷിക വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾ കൂടാതെ കഞ്ഞിക്കുഴിയിലെ കർഷകരുടെ വീടുകളിലെത്തി അയൽക്കൂട്ടം പ്രവർത്തകർ ശേഖരിക്കുന്ന ഉത്പന്നങ്ങളുമാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ചീരയും, പയറും, പാവലും, വെണ്ടയും, കോവലുമെല്ലാം വിഷമരുന്നിന്റെ ഗന്ധമേൽക്കാതെ വിൽപ്പന തട്ടിൽ നിരന്നിരിക്കുന്പോൾ വാങ്ങാനും ആളേറെയാണ്. അടുക്കളയിലെ അവശ്യവസ്തുവായ തേങ്ങയും ന്യായവിലയ്ക്ക് ഇവിടെ നിന്ന് ലഭിക്കും.
പച്ചക്കറിയ്ക്കൊപ്പം നാടൻ കിഴങ്ങുവർഗങ്ങളും ഈ ഗ്രാമീണ കാർഷിക വിപണന കേന്ദ്രത്തിലുണ്ട്. ആലപ്പുഴ നഗരസഭയിലെ പള്ളാത്തുരുത്തി വാർഡ് ഹരിതം കുടുംബശ്രീ പ്രവർത്തകരാണ് ഗ്രാമീണ വിപണന കേന്ദ്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
വർഷങ്ങളായി കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഈ സംഘം പരീക്ഷണമെന്ന നിലയിലാണ് ജൈവ പച്ചക്കറി വിപണനത്തിനിറങ്ങിയത്. അനിത പ്രസിഡന്റും ഇന്ദു സെക്രട്ടറിയുമായി വിജയകുമാരി, സിന്ധു, ലളിത, ലൈല എന്നിവരടങ്ങിയ വനിതകളാണ് ജൈവപച്ചക്കറി വിപണനത്തിന് ചുക്കാൻ പിടിക്കുന്നത്.