പൂച്ചാക്കൽ: നീലാകാശത്തിലൂടെ പോകുന്ന വിമാനം നിലത്തുനിന്നു കണ്ടിട്ടുണ്ടെന്നതല്ലാതെ എന്നെങ്കിലുമെരിക്കൽ അതിൽ കയറി സഞ്ചരിക്കാനാകും എന്ന് വിചാരിച്ചവരല്ല ഈ വീട്ടമ്മമാർ. കഴിഞ്ഞ ചൊവ്വാഴ്ച അവരുടെ ആ സ്വപ്നം പൂവണിഞ്ഞു.
ആരുടെയും സഹായമില്ലാതെ ആകാശയാത്ര നടത്തിയതിന്റെ സന്തോഷത്തിൽ സ്വയം പര്യാപ്തതയുടെ മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം കുടുംബശ്രീ വനിതകൾ.
തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവ് ശ്രീലക്ഷ്മി കുടുംബശ്രീ യൂണിറ്റിലെ 21 വനിതകളാണ് ബംഗ ളൂർ കാണാൻ വിമാനയാത്ര നടത്തിയത്.
കൊച്ചിയിൽനിന്നു കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 6.45 നുള്ള എയർ ഏഷ്യ വിമാനത്തിലാണ് ബംഗ ളൂർക്കു പോയത്.എട്ടോടെ ബംഗളൂരുവിലെ ത്തി സംഘം നേരത്തെ തയാറാക്കിയ വാഹനത്തിലാണ് നഗരം കറങ്ങി കണ്ടത്.
ലാൽബാഗ് പാർക്ക്, വിധാൻ സൗധ, ഇസ്കോൺക്ഷേത്രം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. തിരിച്ചുപോരാൻ എയർപോർട്ടിൽ എത്തിയപ്പോൾ വിമാനം പുറപ്പെടാൻ അരമണിക്കൂർ കൂടിയുണ്ട്.
കിട്ടിയ സമയം എയർപോർട്ട് ചുറ്റിനടന്നു കണ്ടു. തിരികെ 9.45ന് കൊച്ചിയലേക്കുള്ള ഫ്ലൈറ്റിൽ മടങ്ങി. ആദ്യമായി ആകാശയാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങൾ.
യാത്രാ ചെലവുകൾ മുഴുവൻ കുടുംബശ്രീ യൂണിറ്റിലെ സമ്പാദ്യത്തിൽ നിന്നാണ് എടുത്തത്. കൂടാതെ സംഘം നടത്തിവരുന്ന വിറക് കച്ചവടത്തിന്റെയും അംഗങ്ങൾക്ക് നൽകുന്ന വായ്പയിൽനിന്നു കിട്ടുന്ന പലിശയിൽ നിന്നെല്ലാം കണ്ടെത്തുന്ന തുകയാണ് സമ്പാദ്യം.
വരും വർഷങ്ങളിൽ ഇനിയും നല്ല സ്ഥലങ്ങൾ സന്ദർശിക്കാനുള്ള തയാറെടുപ്പിലാണ് അംഗങ്ങളെന്ന് സംഘത്തിലെ പ്രധാന അംഗമായ ഷീല പറഞ്ഞു.