മുക്കം: യാത്രക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാനത്തെ വഴിയോരങ്ങളില്‍ വിശ്രമസൗകര്യവും ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്ന ‘ടേക് എ ബ്രേക്’ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടത്തില്‍ 100 കേന്ദ്രങ്ങളാണ് തുടങ്ങുക. പെട്രോള്‍ പമ്പുകളില്‍ ഇതേ മാതൃകയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പെട്രോള്‍ കമ്പനികളുമായി കരാറിലേര്‍പ്പെടാനും പദ്ധതിയുണ്ട്. ഇതുവഴി അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
സ്ത്രീശാക്തീകരണ, ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനുമായി കുടുംബശ്രീക്ക് ബജറ്റില്‍ വകയിരുത്തിയ ആയിരം കോടി രൂപയില്‍ നിന്നാണ് പദ്ധതിക്ക് പണം കണ്ടെത്തുക. സൂക്ഷ്മസംരംഭ ശൃംഖലയെയും സേവന മേഖലയേയും ശക്തിപ്പെടുത്തുന്നതിനും വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ എല്ലാ സിഡിഎസുകളിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള വനിതാ മേസ്തിരിമാരുടെ സംഘങ്ങള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്.
കുടുംബശ്രീയുടെ കീഴില്‍ നിലവിലുള്ള വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് പുറമേയാണിത്. കൂടാതെ എല്ലാ സിഡിഎസുകളിലും ഇലക്ട്രിഫിക്കേഷന്, പ്ലംബിങ്, ഗാര്‍ഹിക ഉപകരണങ്ങളുടെ റിപ്പയറിംഗ് എന്നിവ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തിയുള്ള യൂട്ടിലിറ്റി സേവന സംഘങ്ങളും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും രൂപീകരിക്കും. പ്രളയാനന്തര ജീവനോപാധി വികസനത്തിന്റെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിംഗ് സംവിധാനം കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ന്യൂട്രിമിക്സ് പോഷക ഭക്ഷണം, മാരിക്കുട, സുഭിക്ഷ നാളികേര ഉല്പന്നങ്ങള് , ശ്രീ ഗാര്‍മെന്റ്സ്, കേരള ചിക്കന്‍ , കയര്‍ കേരള, കരകൗശല ഉത്പന്നങ്ങള്‍, ഇനം തിരിച്ച തേന്‍ ബ്രാന്‍ഡുകള്‍ , ഹെര്‍ബല്‍ സോപ്പുകള്‍, കറിപ്പൊടികള്‍, ഉണക്ക മത്സ്യം, ആദിവാസി ഉത്പന്നങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ട് തരം വ്യത്യസ്ത ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തും.
ഉത്പന്നങ്ങളുടെ വിപണനത്തിന് കുടുംബശ്രീയുടെ 200 ചെറു വിപണന കേന്ദ്രങ്ങളും ഹോംഷോപ്പ് ശൃംഖലയും കൂടുതല്‍ സജ്ജമാകും. കൂടാതെ സിവില്‍ സപ്ലൈസ് കണ്‍സ്യൂമര്‍ ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയും കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കും. വയോജന സംരക്ഷണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിന് 2000 ജെറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവുകളെ പരിശീലിപ്പിച്ച് വിന്യസിക്കും.
വയോജന സംരക്ഷണം ഉറപ്പു വരുത്തുന്നിന്റെ ഭാഗമായി സംസ്ഥാനത്ത് വയോജനങ്ങളുടെ ഇരുപതിനായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഓരോന്നിനും 5000 രൂപ വീതം നല്‍കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടപ്പാക്കുന്ന മഴവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. കൂടാതെ സംസ്ഥാനത്തെ 65,000 അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടി രൂപ ബാങ്ക് വായ്പയും ലഭ്യമാക്കും.
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 100 ബഡ്സ് സ്കൂളുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കാര്‍ഷിക മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണന കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ് മറ്റൊരു പദ്ധതി.