കോട്ടയം: ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ചു തലമുറകളുടെ സംഗമം സംഘടിപ്പിക്കാന്‍ കുടുംബശ്രീ. 20നാണ് ഹാപ്പിനസ് ദിനം. ഇതോടനുബന്ധിച്ചാണു സംസ്ഥാനത്താകെ ഇന്നു മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ സിഡിഎസുകള്‍ തോറും തലമുറ സംഗമം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ വയോജന അയല്‍ക്കൂട്ടാംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സിഡിഎസ് തല സംഗമമാണിത്.
പഴയകാലത്തെ അറിയാനും പുതുതലമുറയെ മനസിലാക്കാനും വേണ്ടിയാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവര്‍ക്കു ലഭ്യമാക്കേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു രൂപപ്പെടുത്തല്‍, വയോജനങ്ങളുടെ അനുഭവങ്ങള്‍, അറിവ് എന്നിവ പുതുതലമുറയ്ക്കു പകര്ന്നുനല്കല്, യുവതലമുറയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പ്രാപ്തമാക്കല്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പദ്ധതികളില്‍ വയോജനങ്ങള്‍ക്കു പരിഗണന ഉറപ്പാക്കല്‍ എന്നിവയാണ് തലമുറ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏകദിന സംഗമത്തിലെ ചര്‍ച്ചകളിലുടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പൊതു സമൂഹത്തിനു ധാരണ സൃഷ്ടിക്കുക, ഇതിനാവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനു സമൂഹത്തെ പ്രാപ്തമാക്കുക, പഴയകാല കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും പുതുതലമുറയ്ക്കു പകരുക, വയോജനങ്ങളുടെ മാനസിക ഉല്ലാസം എന്നിവയില്‍ ധാരണയുണ്ടാക്കും.
ഓരോ വാര്‍ഡില്‍നിന്നും നാലുമുതല്‍ 10 വരെ അംഗങ്ങളെ (ഓക്സിലറി ഗ്രൂപ്പില്‍നിന്നും വയോജന അയല്‍ക്കൂട്ടങ്ങളില്‍നിന്നും ആനുപാതികമായി) പങ്കെടുപ്പിച്ചാണു തലമുറസംഗമം നടത്തേണ്ടത്. ഒരു വാര്‍ഡില്‍നിന്നും നാലുമുതല്‍ 10 വരെ കണക്കില്‍ കുറഞ്ഞതു 100 പേരെയെങ്കിലും പങ്കെടുപ്പിക്കണം.
ഏകദിന തലമുറ സംഗമത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സിഡിഎസ് തല റിപ്പോര്‍ട്ടും മറ്റു വിവരങ്ങളും ഓക്സിലറി ആര്‍പിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ചു ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. സിഡിഎസ് തലത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അസിസ്റ്റന്റ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ അല്ലെങ്കില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു സംസ്ഥാന മിഷനില്‍ ഏപ്രില്‍ ഒന്നിനു മുമ്പായി സമര്‍പ്പിക്കണം.
പരിപാടികളുടെ ചെലവിലേക്കായി ജില്ലാ മിഷനില്‍ നിന്നും 15,000 രൂപ വീതം ഓരോ സിഡിഎസുകള്‍ക്കും മുന്‍കൂറായി നല്‍കും. സംസ്ഥാന മിഷന് ഇക്കാര്യങ്ങള്‍ ക്രോഡീകരിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കും.