നെന്മാറ: കുടുംബശ്രീ വായ്പാതിരിമറിയിൽ ഉൾപ്പെട്ട സിപിഎം ഭാരവാഹികളെ പാർട്ടിയിൽനിന്നു പുറത്താക്കി. നെന്മാറ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കു (ജഐൽജി ) കാനറാബാങ്ക് മുഖേന വായ്പ നല്കിയതിൽ തുക തിരിമറി നടത്തിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിൽ സിപിഎം മട്ടുപ്പാറ ബ്രാഞ്ച് സെക്രട്ടറി അനിലിനേയും പേഴുംപാറ വനിതാ ബ്രാഞ്ച് കമ്മിറ്റിയംഗവും നെന്മാറ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണുമായ റീന സുബ്രഹ്മണ്യനേയും കുറ്റക്കാരാണെന്നു കണ്ടെത്തി.
കുറ്റക്കാരായ ഇവരെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുകയായിരുന്നു. ജഐൽജി ഗ്രൂപ്പുകൾ രൂപീകരിച്ചു വായ്പയെടുത്തതിൽ 74 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്തുവെന്നാണ് പാർട്ടിക്കു ചില യൂണിയനുകൾ പരാതി നല്കിയിരുന്നത്.
ഇതേതുടർന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റിയംഗവുമായ പി.വി.രാമകൃഷ്ണന്റെ നേത്യത്വത്തിലായിരുന്നു അന്വേഷണം.