കൊല്ലം: പ്രളയക്കെടുതിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് വരുമാന സ്രോതസുകള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയില്‍ 3500 പേര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് പരിശീലനം.മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്കി ജില്ലയിലെ നഗര, ഗ്രാമ മേഖലകളില്‍ പ്രളയ ബാധിതരായ കുടുംബങ്ങളെ വരുമാനം നേടുന്നതിന് പ്രാപ്തമാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
പ്രളയം ബാധിക്കാത്ത മേഖലകളിലെ സ്വയംതൊഴില്‍ ചെയ്യാന്‍ താല്പര്യമുള്ളവര്ക്കും അവസരം നല്‍കും. കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാര്ക്കും പരിപാടിയില്‍ പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കും. ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മ സംരംഭ മേഖലയുടെ ശാക്തീകരണവും പദ്ധതി ലക്ഷ്യമിടുന്നു.
തൊഴിലാളി ലഭ്യത കുറവുള്ള മേഖലകളും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ താല്പര്യമുളള തൊഴില്‍ രംഗങ്ങളും കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഡാറ്റാ എന്‍ട്രി, പ്ലംബിംഗ്, ഇലക്ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്ട്രി ആന്‍ഡ് അയണിംഗ്, സെയില്‍സ്, ഹൗസ് കീപ്പിംഗ്, ഡേ കെയര്‍ തുടങ്ങിയ മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്ക്കും സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയും അഞ്ചു മുതല്‍ 21 ദിവസം വരെ സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. അതത് പഞ്ചായത്ത്, നഗരസഭാതല സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
പരിശീലനത്തിന് ശേഷം സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ ലഭ്യമാക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0474-2794692.