ആലുവ: കുടുംബ വഴക്കിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ കുട്ടിയുമായി വീടുവിട്ടിറങ്ങിയ വീട്ടമ്മയെ ആലുവ പോലീസ് അവസരോചിതമായി ഇടപ്പെട്ട് പിന്തിരിപ്പിച്ചു. ഇന്നലെ ആലുവ ശിവരാത്രി മണപ്പുറം പാലത്തിൽ വച്ചാണ് സംഭവം നടന്നത്.
പറവൂർ ഭാഗത്തുള്ള രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യക്കിറങ്ങിപ്പുറപ്പെട്ടതാണ് യുവതി. സംശയാസ്പദമായി യുവതിയെയും കുട്ടിയേയും കണ്ടവർ റൂറൽ പോലീസ് ഓഫീസിലേക്ക് ഫോൺ ചെയ്തു.
കൺട്രോൾ റൂം എസ്ഐ കബീറും പിങ്ക് പോലീസും നടത്തിയ അന്വേഷണത്തിൽ അമ്മയേയും കുഞ്ഞിനേയും മണപ്പുറം പുതിയ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. യുവതി ആളുകളെ കണ്ടെതിനാൽ തിരക്കൊഴിയാൻ മാറി നിൽക്കുകയായിരുന്നു.
ഏറെ ശ്രമപ്പെട്ട് പോലീസ് ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. കുടുംബ വഴക്കിനെത്തുടർന്നാണ് യുവതി വീടുവിട്ടിറങ്ങിയത്. പിന്നീട് ബന്ധുക്കളെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി.