കൊച്ചി: ഫിഷറീസ് സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതോടെ കുഫോസ് വൈസ് ചാൻസലർ ഡോ. കെ. റിജി ജോണാണ് പുറത്തായത്. നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
യുജിസി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. വൈസ് ചാൻസലർ നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിലാണ് ഹൈക്കോടതി ഇന്ന് രാവിലെ വിധി പറഞ്ഞത്. കുഫോസ് വി സി ആയി ഡോ. കെ. റിജി ജോണിനെ നിയമിച്ചതു യുജിസി ചട്ടപ്രകാരം അല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ. കെ. വിജയൻ ആണ് ഹർജി നൽകിയത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു പ്രധാന വാദം
. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽനിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോണ് പിഎച്ച്ഡി കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്.
റിജി ജോണിനെ നിർദ്ദേശിച്ച സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു.
എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.