ബിജു ഇത്തിത്തറ
കടുത്തുരുത്തി: ഏത്തവാഴ കുലച്ചപ്പോൾ ഉണ്ടായത് വ്യത്യസ്തമായ കായ്കളോടു കൂടിയ കുല. മുന്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കായ്കളാണ് കുലയിലുള്ളത്. മുട്ടുചിറ കുരിശൂംമൂട് പുത്തൻപുര രാജുവിന്റെ പറന്പിലെ ഏത്തവാഴയിലാണ് ഏത്തക്കുലയ്ക്കു പകരം മറ്റൊരു കുലയുണ്ടായത്.
ഇരുന്പൻ പുളിയോട് സാദൃശ്യമുള്ളതാണ് കുലയിലെ കായ്കൾ. നാട്ടിലെ വാഴക്കുലകളുമായി യാതൊരു സാമ്യവുമില്ലാത്തതാണ് ഈ കുലയെന്ന് നാട്ടുകാർ പറഞ്ഞു. കൗതുക കാഴ്ച്ച കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി പറന്പിന്റെ ഉടമ പറഞ്ഞു. വിത്യസ്ത കുലയുണ്ടായ വാഴയടക്കം 35 ഏത്തവാഴകളാണ് രാജു പറന്പിൽ നട്ടത്. ഇതിൽ പകുതിയോളം ഇതിനോടകം കുലച്ചിട്ടുണ്ട്.
കുലയുണ്ടായത് ഉൾപെടെ 35 വാഴകളും കാഴ്ച്ചയിൽ ഏത്തവാഴകൾ തന്നെയാണ്. വ്യത്യസ്തമായ കുല ഉണ്ടായിരിക്കുന്നതും ഏത്തവാഴയിൽ തന്നെയാണെന്ന് രാജുവും നാട്ടുകാരും തറപ്പിച്ചു പറയുന്നു. ഏതാണ്ട് കായയുടെ വളർച്ച പകുതി പിന്നിട്ടതാണ് വ്യത്യസ്തമായുണ്ടായ കുല.
ഇക്കൂട്ടത്തിലെ മറ്റൊരു വാഴയിലും വ്യത്യസ്തമായ കുല ഉണ്ടായിട്ടുണ്ട്. ഇതിൽ പൂവിട്ട് കുല ആയി വരുന്നതേയുള്ളു. ആദ്യത്തെ കുലയും ആദ്യം ഇങ്ങനെയായിരുന്നുവെന്ന് രാജു പറയുന്നു. നാട്ടുകാരനായ ചെരിവുകാലാ വേണുവാണ് ഏത്തവാഴയിൽ വ്യത്യസ്തമായ കുല ഉണ്ടായത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തിയത്.
കൃഷി വകുപ്പിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവരെത്തി പരിശോധന നടത്തിയാലേ ഏതുതരം കായാണ് ഏത്തവാഴയിൽ ഉണ്ടായിരിക്കുന്നതെന്നും ഏത്തവാഴയിൽ മറ്റു കായ് ഉണ്ടാകാനുള്ള കാരണവും അറിയാൻ കഴിയൂവെന്ന് രാജു പറയുന്നു.