കളമശേരി: “എന്റെ കുളം’ പദ്ധതിയുടെ ഭാഗമായി കളമശേരി നഗരസഭയും കോളജ് വിദ്യാർഥികളും ചേർന്ന് കങ്ങരപ്പടി ചൂരക്കുളം വൃത്തിയാക്കി. വിശ്വജോതി വാഴക്കുളം, എംഇഎസ് നോർത്ത് പറവൂർ, മാർ ബസേലിയസ് കോതമംഗലം, എസ്എൻജി ഐറ്റിഎസ് പറവൂർ എന്നീ കോളജുകളിലെ എൻഎസ്എസ് ടെക്നിക്കൽ സെൽ വോളണ്ടിയേഴ്സാണ് ശുചീകരണത്തിൽ പങ്കെടുത്തത്.
കളമശേരി നഗരസഭ 14-ാം വാർഡിലെ ചൂരക്കുളം ഏറെക്കാലമായി പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുൻകാലങ്ങളിൽ ജലസേചനത്തിനും കുളിക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന കുളം പഴയ നിലയിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് വോളണ്ടിയേഴ്സ് ഏറ്റെടുത്തത്.
വലകളും കുട്ടകളും ഉപയോഗിച്ച് കുളത്തിൽ നിന്ന് പായലും പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളും കോരി മാറ്റി. കാടുപിടിച്ച് കിടന്ന പരിസരവും വൃത്തിയാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുളം ശുചീകരിച്ച് കഴിഞ്ഞത്. വാർഡ് കൗൺസിലർ മിനി സോംദാസ്, എൻഎസ്എസ് എറണാകുളം കോ-ഓർഡിനേറ്റർ ബ്ലസൻ പോൾ തുടങ്ങിയവരും ശുചീകരണത്തിന് നേതൃത്വം നൽകി.
നഗരസഭ ചെയർപേഴ്സൺ ജെസി പീറ്റർ, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള, കൗൺസിലർ മൈമൂനത്ത് അഷറഫ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.കഴിഞ്ഞ മാസം പുറഞ്ചേരി കുളം നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നാട്ടുകാർ വൃത്തിയാക്കിയിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് കളമശേരി നഗരസഭ 12-ാം വാർഡിലെ വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടന്ന പുറഞ്ചേരി കുളത്തിലെയും സമീപത്തെയും മാലിന്യങ്ങൾ നീക്കിയത്.