മറ്റത്തൂർ: മഴക്കാലത്ത് കുളിക്കുളവും വേനലിൽ കളിക്കളവുമായി മാറുന്ന ഒരു കുളമുണ്ട് മറ്റത്തൂരിൽ. ചോങ്കുളം എന്നാണ് ഇതിന്റെ പേര് . മറ്റത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടത്തിന്റെ അരികുചേർന്നാണ് ചോങ്കുളമുള്ളത്.
ചാലക്കുടി വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂർ കനാൽ അവസാനിക്കുന്നത് ചോങ്കുളത്തിലാണ്. വെള്ളിക്കുളങ്ങര മാരാങ്കോട് നിന്ന് തുടങ്ങി ഇരുപതുകിലോമീറ്ററോളം ഒഴുകിയെത്തുന്ന മറ്റത്തൂർ കനാൽ ഒടുവിൽ നേർത്ത് നേർത്ത ചോങ്കുളത്തിലെത്തി അവസാനിക്കുന്നു. ആറ് പതിറ്റാണ്ട് മുമ്പ് കനാൽ നിർമ്മിച്ചപ്പോഴാണ് വാലറ്റത്തായി ചോങ്കുളവും നിർമ്മിക്കപ്പെട്ടത്.
കനാലിലൂടെ കുളത്തിലേക്ക് വെള്ളമെത്തുന്നതിനാൽ എപ്പോഴും കുളം നിറഞ്ഞുകിടന്നിരുന്നു. കുളത്തിൽ നിന്ന് തോടുവഴി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ചാണ് നെല്ല് ഉൾപ്പടെയുള്ള വിളകൾ ഇവിടെ കൃഷിചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽക്കാലത്ത് കനാലിലൂടെ ആവശ്യത്തിന് വെള്ളമെത്താതായതോടെ കുളം വറ്റിവരണ്ടു.
വേനലായാൽ പ്രദേശത്തെ യുവാക്കൾ ഫുട്ബോളും ക്രിക്കറ്റും കളിക്കുന്ന കളിക്കളമായി ചോങ്കുളം മാറി. ചോങ്കുളത്തിൽ വെള്ളമെത്താതായതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വേനലാരംഭത്തോടെ ജലനിരപ്പ് താഴും. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ചോങ്കുളത്തിലേക്ക് കനാൽവെള്ളം എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പടാറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷമായി മൂന്നോ നാലോ തവണ മാത്രമാണ് ഇങ്ങനെ കുളത്തിലേക്ക് വെള്ളമെത്തിയിട്ടുള്ളത്. മഴപെയ്ത് കുളത്തിൽ വെള്ളം നിറയുന്നതുവരെ കളിക്കളമായി തുടരാനാണ് ചോങ്കുളത്തിന്റെ വിധി.