തളിപ്പറമ്പ്: പട്ടുവം കാവുങ്കലിൽ രണ്ടടി മാത്രം വീതിയുള്ള നടപ്പാതയ്ക്ക് ചേർന്നുള്ള കുളത്തിൽ ബൈക്ക് മറിഞ്ഞ് ഫറാസ് (21) മരിക്കാനിടയായ സംഭവത്തിൽ രാഷ്ട്രീയ പോരാട്ടം.
പട്ടുവം പഞ്ചായത്തിന്റെ കൃത്യവിലോപവും സിപിഎം കാവുങ്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ ധാർഷ്ഠ്യവുമാണെന്ന് യുവാവ് മരിക്കാനിടയായതിന്റെ കാരണമെന്ന് മുൻ പട്ടുവം ഗ്രാമ പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ.രാജീവൻ കപ്പച്ചേരി ആരോപിച്ചു.
ആരും ഉപയോഗിക്കാത്ത ഈ കുളം എന്നും ഇവിടെ അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. ഒന്നെങ്കിൽ ഇത് മൂടാനോ അല്ലെങ്കിൽ ഇതിന്റെ അരിക് കെട്ടി അപകട ഭീഷണി ഇല്ലാതെ ഇതു വഴി സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മരിച്ച എം.പി.ഫറാസ് ഉൾപ്പെടെയുള്ളവർ നിരവധി തവണ പഞ്ചായത്തിന് പരാതി നൽകിയിരുന്നു.
2019 ൽ തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണെടുത്ത് നടവഴിക്ക് സമീപം നിലവിലുള്ള രണ്ടടി വഴി നാലടിയാക്കി മണ്ണിട്ട് വീതി കൂട്ടാൻ ശ്രമം തുടങ്ങി.
സമീപവാസികൾ ആവശ്യമായ കല്ലുകൾ സൗജന്യമായി നൽകുകയും കൈവരി കെട്ടാൻ ശ്രമിച്ചപ്പോൾ സമീപത്തെ സിപിഎം പ്രവർത്തകർ കുളം നികത്തുന്നതായി ആരോപിച്ച് പ്രവൃത്തി തടയുകയും കല്ലുകൾ കുളത്തിലേക്ക് ഇടുകയും ചെയ്തു.
പഞ്ചായത്ത് മൗനാനുവാദം കൊടുത്ത് കൂട്ടുനിന്നതായും രാജീവൻ കപ്പച്ചേരി ആരോപിച്ചു. സിപിഎം ഇതിലൂടെ നരഹത്യയാണ് നടത്തിയിരിക്കുന്നതെന്നും ഇതിനെതിരേ ജനങ്ങളെ അണി നിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിസിസി ജന.സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി പറഞ്ഞു.
ഇത്തരം കാടത്തത്തിനെതിരെ ജനരോഷം ഉയർന്നില്ലെങ്കിൽ നമ്മുടെ നാട് പല ദുരന്തങ്ങളും കണേണ്ടി വരുമെന്ന് പട്ടുവം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. ദാമോദരൻ, പഞ്ചായത്ത് മെംബർ ടി. പ്രദീപൻ എന്നിവർ പറഞ്ഞു.
കുളം പഞ്ചായത്തിന്റേതല്ലെന്ന് പ്രസിഡന്റ്
ഈ കുളം പഞ്ചായത്ത് ആസ്തിയിൽ വരുന്നതല്ലെന്നാണ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറയുന്നത്. സ്വകാര്യ സ്ഥലത്ത് നിർമാണം നടത്താൻ പഞ്ചായത്തിന് അധികാരമില്ല. സ്ഥലമുടമയും പ്രദേശവാസികളും തീരുമാനിച്ച് ഈ കുളം വരുന്ന സ്ഥലം പഞ്ചായത്ത് ആസ്തിയിൽപ്പെടുത്താനുള്ള തീരുമാനമെടുത്താൽ പഞ്ചായത്ത് വഴിക്ക് വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും പി. ശ്രീമതി പറഞ്ഞു.