കാട്ടാക്കട: നെയ്യാർ അണക്കെട്ട് പിന്നെ കാളിപ്പാറ ശുദ്ധജല പദ്ധതിയും. പക്ഷേ വെള്ളം മാത്രമില്ല. അതിനാൽ തന്നെ കണ്ടം തിട്ട ഗ്രാമത്തിലെ സ്ത്രീകൾ രംഗത്തിറങ്ങി. കണ്ടംതിട്ട വാർഡിലെ കുടിവെള്ളക്ഷാമം നേരിടാൻ ഒടുവിൽ സ്ത്രീകൾ തീരുമാനിച്ചു.
രണ്ടുദിനം കൊണ്ട് അവർ വാർഡിൽ അഞ്ച് ചെറുകുളങ്ങൾ നിർമിച്ച് മാതൃകയായി. വാർഡിൽ നീരുറവകൾ കണ്ടെത്തി. പിന്നെ അവ വെട്ടി വലുതാക്കി.തൊഴിലുറപ്പ് തൊഴിലാളികളായ നൂറോളം സ്ത്രീകളുടെ രണ്ടുദിവസത്തെ അധ്വാനമാണ് അഞ്ച് കുളങ്ങൾ. നെയ്യാർ കാളിപ്പാറ കുടിവെള്ളപദ്ധതി കണ്ടംതിട്ട വാർഡിലെ ഭൂരിഭാഗം ജനങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കടുത്ത വേനലോടെ ഇവിടെ ജലക്ഷാമം രൂക്ഷമായി.
പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയും മഴക്കാലത്ത് ജലം സംഭരിച്ചു നിർത്താനും വേണ്ടിയാണ് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നീരുറവകൾ കണ്ടെത്തിയത്. കണ്ടംതിട്ട വാർഡിലെ തന്പിക്കോണത്ത് രണ്ടും, കാക്കണം വിള, ഇടവാച്ചൽ കളിയൽ എന്നീ സ്ഥലങ്ങളിൽ ഓരോ കുളവും സ്വകാര്യ വ്യക്തികളുടെ സമ്മതം തേടി നിർമിച്ചു.
മൂന്ന് മീറ്റർ ആഴവും രണ്ട് മീറ്റർ വീതിയും അതിൽ കൂടുതൽ നീളവുമുള്ള ചെറുകുളങ്ങൾ രൂപപ്പെട്ടു. ചുറ്റുപാടുമുള്ള അഞ്ച് കുടുംബങ്ങൾക്കെങ്കിലും കുടിവെള്ളം ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെയെന്ന് കരുതിയാണ് കുളം നിർമിക്കാൻ ഇറങ്ങി പുറപ്പെട്ടതെന്ന് വൈസ് പ്രസിഡന്റ് അനിതാമധു പറഞ്ഞു.