നേമം : നഗരസഭ നേമം മേഖലയിൽ ജലസ്രോതസുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. ഈ പ്രദേശത്ത് പത്തിലധികം കുളങ്ങളാണ് കാട് കയറിയും മാലിന്യം നിറഞ്ഞും നശിക്കുന്നത്. നഗരസഭ ഈ ജലസ്രോതസുകളെ സംരക്ഷിക്കാൻ വേണ്ടത്ര താല്പര്യം കാണിക്കാത്തതാണ് കുളങ്ങൾ നശിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വേനൽകടുത്തതോടുകൂടി നേമം മേഖലയിലെ പലകുളങ്ങളും വറ്റി വരണ്ടു. ഇതുകാരണം സമീപത്തെ കിണറുകളിൽ വെള്ളമില്ലാത്ത സ്ഥിതിയായി.
പല കുളങ്ങളും ഭിത്തികളിടിഞ്ഞ് കൽപടവുകൾ നശിച്ചും കിടക്കുന്നു. ഒരു കാലത്ത് നാട്ടുകാർക്ക് കുളിക്കുന്നതിനും പശുവിനെ കുളിപ്പിക്കുന്നതിനും തുണി അലക്കുന്നതിനും ഉപയോഗിച്ചിരുന്ന കുളങ്ങൾക്കാണ് ഈ ദുർഗതി. പല കുളങ്ങളും മാലിന്യം നിറഞ്ഞ് കൊതുകുവളർത്തൽ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പാപ്പനംകോട് കോണത്തുകുളം, പൂഴിക്കുന്ന് തെങ്ങുവിളകുളം തേരുവിളകുളം, മഠവിള കുളം, നന്പുവിള കുളം, നന്തൻകോട് കുളം, നേമം ശിവോദയം കുളം, മേലാംകോട് പള്ളിവിള കുളം, കാരയ്ക്കാമണ്ഡപം ആമീൻ കുളം തുടങ്ങിയകുളങ്ങൾ ശോചനീയാവസഥിയിലായിട്ട് വർഷങ്ങളായി.
നഗരസഭ ബജറ്റുകളിൽ ജലസ്രോതസുകളെ സംരക്ഷിക്കുന്നതിന് തുക ഉൾകൊള്ളിക്കാത്തതും പ്രത്യേക പദ്ധതികൾ തയ്യാറാക്കത്തതുമാണ് കുളങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പരാതിയുണ്ട്. കുളങ്ങളിൽ വെള്ളമില്ലാത്തതുകാരണം സമീപ പ്രദേശങ്ങളിൽ പലരും കൃഷിവരെ ഉപേക്ഷിച്ചിരിക്കുകയാണ്. വെള്ളത്തിനായി ജനം നെട്ടോട്ടമോടുന്പോഴും നാശത്തിന്റെ വക്കിലായ കുളങ്ങളെ സംരക്ഷിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല.