ഒറ്റപ്പാലം: ലക്കിടി-പേരൂർ പഞ്ചായത്തുകളിലെ കന്നുകാലികളിൽ വ്യാപകതോതിൽ കുളന്പുരോഗം. കുളന്പുരോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാൽ ഉത്പാദനത്തിൽ കുറവുണ്ടായതോടെ ക്ഷീരകർഷകരും വിഷമത്തിലാണ്.
നിലവിൽ രോഗബാധ തടയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.കാൽപാദത്തിൽ കുളന്പിനോടു ചേർന്ന് വ്രണം രൂപപ്പെടുകയും ഇതിൽ പഴുപ്പുവന്ന് പുഴുവരിക്കുന്ന സാഹചര്യമാണ് രോഗത്തിനുള്ളത്. വേദനമൂലം ഇവ കാലിൽ നക്കുന്പോൾ രോഗം നാവിലേക്കു പടരും.
പിന്നീട് വെള്ളം കുടിക്കാനും തീറ്റിക്കുംവരെ ബുദ്ധിമുട്ടാകും. ഒന്നും കഴിക്കാൻ വയ്യാത്ത സാഹചര്യം രൂപപ്പെടുന്നതോടെ രോഗം മൂർച്്ഛിക്കുകയും ആരോഗ്യസ്ഥിതി മോശമായി പാൽ ഉത്പാദനത്തിൽ കുറവു സംഭവിക്കുകയും ചെയ്യും. ശക്തമായ പനിയും രോഗലക്ഷണമാണ്. കൃത്യമായ ചികിത്സ നല്കുന്നപക്ഷം ഒരാഴ്ചയ്ക്കകം രോഗം മാറുമെന്നാണ് കണക്ക്.
വിവിധ ഇലകൾ ചതച്ച് മരുന്നാക്കി മഞ്ഞൾ ചേർത്ത് കുളന്പിൽ പുരട്ടുന്ന ചികിത്സയും സോഡാക്കാരം ചേർത്ത വെള്ളം മുറിവുകളിൽ ഒഴിക്കുന്നതും ഉൾപ്പെടെയുള്ള ചികിത്സകളാണ് നിലവിലുള്ളത്. മൃഗാശുപത്രികളിലും ഇതിനെതിരായ പ്രതിരോധമരുന്നുകൾ ലഭ്യമാണ്. എന്നാൽ ക്ഷീരകർഷകർ ഇതിനു മുതിരാതെ നാടൻ ചികിത്സ നടത്തുന്നതാണ് രോഗം മറ്റു കാലുകളിലേക്കു കൂടി പടരുന്നതിനു കാരണമാകുന്നത്.
രോഗം ബാധിച്ച പശുവിന്റെ പാൽ വാങ്ങാൻ ആരും തയാറാകില്ലെന്ന കാരണത്താൽ കഴിയുന്നതും പുറംലോകം അറിയാതെ ചികിത്സ നടത്തി തടിയൂരാനാണ് ക്ഷീരകർഷകരും ശ്രമിക്കുന്നത്. അതേസമയം കുളന്പുരോഗ ബാധമൂലം പാൽ അളക്കുന്ന കർഷകരുടെ അളവിൽ കുറവു സംഭവിച്ചിട്ടുണ്ട്.
പാൽ ഉത്പാദനത്തിൽ ഉണ്ടായ കുറവ് വിവിധ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ വ്യക്തമാകും. കുളന്പുരോഗം കന്നുകാലികളിൽ അസഹ്യമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.