കുളത്തൂപ്പുഴ: പ്ലസ് ടു വിദ്യാര്‍ഥിനിയായിരിക്കെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്.
സംഭവത്തില്‍ പോലീസ് പിടിയിലായ യുവാവ് റിമാന്‍ഡില്‍. കുളത്തൂപ്പുഴ സ്വദേശി സുമേഷ് (23)നെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഒരു വര്‍ഷം മുമ്പ് നടന്ന പീഡനത്തെ തുടര്‍ന്ന് പതിനേഴുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പെണ്‍കുട്ടിയും കുടുംബവും പ്രദേശത്തു നിന്നും താമസം മാറുകയും ചെയ്തു.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ സുമേഷ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും കുടുംബമായി മുംബെെയില്‍ കഴിഞ്ഞു വരികയുമായിരുന്നു.
ഇതിനിടെ കഴിഞ്ഞ കുറെ നാളുകളായി ഭാര്യയേയും കുട്ടിയേയും സംരക്ഷിക്കാതെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയ പെണ്‍കുട്ടി രണ്ടു മാസം മുമ്പ് പോലീസില്‍ പഴയ പീഡനം സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതി നാട്ടിലെത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജുകുമാര്‍ പറഞ്ഞു.