ഗാന്ധിനഗർ: ശുദ്ധജല വിതരണ കേന്ദ്രത്തിൽ വിഷം കലർത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകും.
ആർപ്പൂക്കര പഞ്ചായത്ത് മൂന്നാം വാർഡ് ചൂരക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുളത്തിലാണ് സാമൂഹ്യ വിരുദ്ധർ വിഷം കലർത്തിയത്. ഇതോടെ മത്സ്യങ്ങൾ ചത്തുപൊങ്ങി.
വേനൽക്കാലത്ത് ഇവിടെ നിന്നും വെള്ളം പന്പു ചെയ്താണ് സമീപവാസികളായ നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നത്.
തെളിഞ്ഞു കിടന്നിരുന്ന കുളത്തിലെ വെള്ളം വിഷം കലർത്തിയതോടെ മഞ്ഞ നിറമാകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തു. പ്രദേശത്ത് ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉണ്ടായിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകനും ചിത്രകാരനുമായ സി.ജി. കൃഷ്ണകുമാർ ഒറ്റയാൾ സമരം നടത്താനൊരുങ്ങുകയാണ്.
പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇന്നു രേഖാമൂലം പരാതി നൽകുമെന്നും വാർഡ് മെന്പർ സേതുലക്ഷ്മി അറിയിച്ചു.