പന്തളം: ബിജെപി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് സിപിഎം നിയന്ത്രിത ഭരണസമിതി പുറത്തായ കുളനട പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ പത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. എഇഓ സുമംഗലാദേവിയാവും വരണാധികാരി. നാലു സീറ്റുകൾ വീതമുള്ള എൽഡിഎഫും യുഡിഎഫും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് ഏറെ. അങ്ങനെയെങ്കിൽ, ഏഴ് സീറ്റുള്ള ബിജെപി ഭരണത്തിലെത്താൻ വഴിയൊരുങ്ങും. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ പരസ്പരം സഹായിച്ചുള്ള സമവായമൊന്നും ഇനിയും രൂപപ്പെട്ടിട്ടില്ല.
അതിനുള്ള സാധ്യതയും കുറവാണ്. പോൾരാജും ശ്രീലതയുമാവും എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് സജി.ടി.വർഗീസിനെ കോണ്ഗ്രസ് മത്സരിപ്പിച്ചേക്കും. ശശികലാ സുരേഷ്, സതി.എം.നായർ എന്നിവരിലൊരാൾ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമാവും. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ അശോകൻ കുളനടയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്.
പാർട്ടിയുടെ നേതൃത്വം ഇതിനനുവദിക്കുന്നില്ലെങ്കിൽ പി.ആർ.മോഹൻദാസ് മത്സരിക്കും. മഹിളാ മോർച്ചാ ജില്ലാ നേതാവ് കൂടിയായ ശോഭന അച്യുതനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പുറത്താക്കപ്പെട്ട ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന എൽസി ജോസിന്റെ നീക്കങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുടർച്ചയായ അഞ്ചാമത്തെ ടേമിലും പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇവർ, ഇത്തവണയും ചില തന്ത്രങ്ങൾ പയറ്റാനുള്ള സാധ്യതയുണ്ട്.
എൽസി ജോസ് അടങ്ങുന്ന ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചെങ്കിലും നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അംഗങ്ങളുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല.അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നേതൃത്വം നല്കിയ വിപ്പ് നാലംഗങ്ങളും ലംഘിക്കുകയും ചെയ്തിരുന്നു.
എൽഡിഎഫ് സ്വതന്ത്രയെന്ന നിലയിൽ സിപിഎമ്മിന്റെയും നാല് കോണ്ഗ്രസ് അംഗങ്ങളുടെയും സ്വതന്ത്രയുടെയും പിന്തുണ സ്വീകരിച്ച് പ്രസിഡന്റ് പദവിയിലെത്താനുള്ള നീക്കവും എൽസി ജോസ് നടത്തുന്നുണ്ടെ ന്നാണ് സൂചന. ബിജെപി-ഏഴ്, കോണ്ഗ്രസ്-നാല്, സിപിഎം-നാല്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയാണ് സമിതിയിലെ കക്ഷിനില.