പേരൂർക്കട: കുടപ്പനക്കുന്നിലെ കുറ്റിച്ചക്കോണം കുളം മൂലമുള്ള അപകടഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.
ചുറ്റുവേലി ഇല്ലാതെ കിടക്കുന്ന കുളം ആണ് ഇപ്പോൾ പ്രദേശവാസികൾക്കും മറ്റു ഭീഷണിയായിരിക്കുന്നത്.
കഴിഞ്ഞദിവസം കുടപ്പനക്കുന്ന് ഹൗസ് നമ്പർ 221 ഗ്രീൻ ലാൻഡിൽ ഡാനിയേൽ ജോസഫിന്റെ മകൻ ഫ്രാൻസിസ് ജോസഫ് (43) ഇവിടെ മുങ്ങിമരിച്ചിരുന്നു.
നിലവിൽ കുളം ഒരു സ്വകാര്യവ്യക്തിക്ക് മീൻ വളർത്തലിനായിട്ട് നഗരസഭ നൽകിയിരിക്കുകയാണ്.
അതേസമയം കുളം നവീകരണ പ്രവർത്തനങ്ങൾ ഒന്നും അടുത്തകാലത്ത് നടത്തിയിട്ടുമില്ല. കുളത്തിൽ നിന്നും പായലും വള്ളിപ്പടർപ്പുകളും നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
യുവാവിന്റെ മരണം എങ്ങനെയാണ് ഉണ്ടായതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും ആത്മഹത്യ അല്ല എന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 പേരാണ് ഇവിടെ മുങ്ങിമരിച്ചത്. കുളത്തിന് സംരക്ഷണ വേലി ഇല്ലാത്തതും അധികം ആൾക്കാർ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതുമാണ് ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടുത്താൻ കഴിയാത്തതിനു കാരണം.
കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുകയും അപകട ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.