മോഹന്‍ലാലിനെ ചൂലുകൊണ്ടടിച്ച ഏക സ്ത്രീ ഞാനാണ്! രജനീകാന്തിനെയും പുളിച്ച ചീത്ത പറഞ്ഞിട്ടുണ്ട്; മലയാള സിനിമയിലെ വായാടിത്തള്ള കുളപ്പുള്ളി ലീല പറയുന്നു

കുളപ്പുള്ളി ലീല എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാള സിനിമാസ്വാദകരുടെ മനസില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. ഉച്ചത്തിലുള്ളൊരാട്ടും ശേഷം നല്ല നാടന്‍ ചീത്തയും പറയുന്ന ഗൗരവം നിറഞ്ഞൊരു മുഖം. മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങളേയും തെറിവിളിക്കാനുള്ള അപൂര്‍വഭാഗ്യം ലഭിച്ച അഭിനേത്രിയാണ് താനെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കൂടാതെ സാക്ഷാല്‍ രജനികാന്തിനെ വരെ നല്ല പുളിച്ച തെറി വിളിച്ചിട്ടുണ്ട്. എല്ലാം സിനിമയില്‍ മാത്രമാണു കേട്ടോ. ഒരു തുടക്കക്കാരി എന്ന നിലയില്‍ അന്ന് എല്ലാവരും തന്നെ സഹായിച്ചിട്ടുണ്ടെന്നും പറയുന്നു ലീല.

‘മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സിനിമയിലെല്ലാം അവരെ ചീത്തപറയുന്ന വായാടിത്തള്ളയുടെ വേഷമാണ് ഞാന്‍ ചെയ്തിരുന്നത്. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ സാറിനെ ഞാന്‍ ചീത്തവിളിക്കുകയും ചൂലുകൊണ്ട് പുറത്തടിക്കുകയും ചെയ്യുന്ന സീനുണ്ട്. പുതിയ ചൂലൊക്കെ വാങ്ങിത്തന്നു. ഷോട്ടെടുക്കുമ്പോള്‍ തല്ലാന്‍ എനിക്ക് വലിയ പ്രയാസമായിരുന്നു. ‘മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ’ എന്ന് പറഞ്ഞ് ലാല്‍ ആണ് എനിക്ക് അഭിനയിക്കാന്‍ പ്രോത്സാഹനം നല്‍കിയത്. ബ്ലാക്ക്, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂക്കയേയും ചീത്തപറയുന്നുണ്ട്. തുടക്കക്കാരി എന്ന നിലയില്‍ അവരെല്ലാം എന്നെ ധാരാളം സഹായിച്ചിട്ടുമുണ്ട്.

ബ്ലാക് ക്യാറ്റ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയെ ചീത്ത വിളിക്കുന്നത്.  മുത്തു എന്ന തമിഴ് ചിത്രത്തില്‍ രജനീകാന്ത് സാറിനെ ഞാന്‍ ചീത്ത പറയുന്ന ഒരു സീനുണ്ട്.  ഈ സീന്‍ കഴിഞ്ഞപ്പോള്‍ തമിഴില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രജനി സാര്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചു. കുളപ്പുള്ളി ലീല പറയുന്നു. കസ്തൂരിമാനിലൂടെ ലോഹിസാറാണ് എനിക്കൊരു ബ്രേക്ക് നല്‍കിയത്. കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഞാന്‍ തമിഴ് സിനിമയിലെത്തുന്നത്. മരുത് എന്ന ചിത്രത്തിലെ മുത്തശി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകര്‍ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്ന ഏത് വേഷവും ചെയ്യാന്‍ തയ്യാറാണ്. പക്ഷേ എല്ലാം സംവിധായകരുടേയും എഴുത്തുകാരുടേയും കൈകളിലല്ലേ. കുളപ്പുള്ളി ലീല ചോദിക്കുന്നു.

 

Related posts