ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല: യാത്രക്കാർ വലയുന്നു. ഒറ്റപ്പാലം- തൃശൂർ റൂട്ടിലോടുന്ന ഒരു ബസും നിലവിൽ കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറാത്ത സ്ഥിതിയാണ്. രാവിലെ പണിക്കു പോകണ്ട തൊഴിലാളികൾക്കാണ് ബസുകളില്ലാത്തത് പ്രശ്നനമാകുന്നത്.പാലക്കാട്- ഗുരുവായൂർ റൂട്ടിലോടുന്ന ബസുകളും സ്റ്റാൻഡിക്കുന്നില്ല. അതേസമയം കഐസ്ആർടിസി ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിനെ മറന്ന മട്ടാണ്.
പ്രശ്നങ്ങൾ പരിഹരിക്കാനും ഇടപെടാനും ഇപ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥ·ാരും തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധിച്ചപ്പോൾ ബസുകൾ സ്റ്റോപ്പുകൾ ഒഴിവാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെയാണ് വീണ്ടും പഴയ സ്ഥിതിയായത്. കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറുകയാണെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പുകളിൽ മാത്രമേ നിർത്തൂവെന്നാണ് ബസ് ജീവനക്കാരുടെ നിലപാട്.
ഒറ്റപ്പാലം സബ് കളക്ടറും ജോയിന്റ് ആർഡിഒയും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. പത്തുവർഷത്തിലധികമായി നഗരസഭ ഈ ബസ് സ്റ്റാൻഡ് നിർമ്മാണം നടത്തിയിട്ട്. എന്നാൽ അന്നുമുതൽ ഇന്നുവരെ ഈ സ്റ്റാൻഡുകൊണ്ട് യാത്രക്കാർക്ക് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്. ദീർഘദൂര കഐസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ കയറുകയാണെങ്കിൽ യാത്രക്കാർക്ക് സൗകര്യമാണ്.
സ്റ്റാൻഡിൽ ബസ് കാത്തുനില്ക്കുന്ന പലർക്കും ബസ് കിട്ടാനായി കുളപ്പുള്ളി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് പോകേണ്ട സ്ഥിതിയാണ്.സ്റ്റാൻഡിൽ വെയിലും മഴയും ഏല്ക്കാതെ നില്ക്കാമെങ്കിലും ബസ് കയറണമെങ്കിൽ ഇതെല്ലാം നേരിടണം. കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്ത പ്രശ്നം പരിഹരിക്കാൻ രാവിലെയും വൈകുന്നേരവും ഒഴികെ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാമെന്ന് ധാരണ ഉണ്ടാക്കിയിരുന്നു.
ബസ് സ്റ്റാൻഡിൽ ബസുകൾ കയറേണ്ട വിഷയത്തിൽ ഒരു തീരുമാനവും എടുക്കാൻ നഗരസഭയ്ക്കും കഴിയുന്നില്ല. അതേസമയം സബ് കളക്ടറും ജോയിൻറ് ആർടിഒയുംവരെ പ്രശ്നത്തിൽ ഇടപെട്ടിട്ടും തീരുമാനം അനന്തമായി നീളുകയും പ്രശ്നപരിഹാരം അന്യമാവുകയും ചെയ്യുന്ന സ്ഥിതിയാണ്.അതേസമയം ഇക്കാര്യത്തിൽ എന്തു തീരുമാനവും നടപടികളും കൈക്കൊള്ളുമെന്ന കാര്യത്തിൽ ഷൊർണൂർ നഗരസഭ ഭരണസമിതിയും ഇരുട്ടിൽ തപ്പുകയാണ്.