കുളത്തുപ്പുഴ: കുളത്തുപ്പുഴ 50 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പാചകവാതക വിതരണ ഏജന്‍സിക്കെതിരെ വ്യാപക പരാതി. കഴിഞ്ഞ മാസം 29ന് പാചകവാതക സിലിണ്ടറിന് 133 രൂപ കുറച്ചിരുന്നു. എന്നാല്‍ കൂടിയ വിലക്ക് തന്നെ ഏജന്‍സി ജീവനക്കാര്‍ ഗ്യാസ് വിതരണം ചെയ്തതോടെ നാട്ടുകാര്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് ഇവരുടെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്ത പുറംലോകത്ത് എത്തിയതോടെ കണ്ണന് ഗ്യാസ് ഏജന്‍സിക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. കുളത്തുപ്പുഴ പോലീസിനും, പുനലൂര്‍ സപ്ലൈഓഫീസര്‍ക്ക് ലഭിച്ചത് നിരവധി പരാതികളായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടും ഗുരുതരമായ സുരക്ഷ വീഴ്ചയും കണ്ടെത്തി. ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കില്ല.
അമിത വില ഈടാക്കുന്നതും ബൂക്കില് പതിച്ചു നല്കുമ്പോള് തുക രേഖപ്പെടുത്താത്താതും അധികൃതര്‍ കണ്ടെത്തി.
ഇത്തരത്തില്‍ പരിശോധന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഉപഭോക്താവിൽ നിന്നും അധികമായി വാങ്ങിയ 137 രൂപ സപ്ലൈ ഓഫീസര്‍ ഇടപെട്ടു തിരികെ നല്കി. പുറത്ത് വാഹനത്തില്‍ കൊണ്ടുപോയി സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ അധികാരം ഇല്ലന്നിരിക്കെ സ്വന്തം വാഹനത്തില്‍ സിലിണ്ടറുകള്‍ എത്തിച്ച് ഇതിന്റെപേരിലും വന്‍ തുക ഈടാക്കുന്നതും അധികൃതര്‍ കണ്ടെത്തി.
തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ പരിശോധന നടത്തിയ സംഘം ഗുരുതരമായ സുരക്ഷ വീഴ്ചയാണ് കണ്ടെത്തിയത്. എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെയില്ല. ഗോഡൗണില്‍ ഒരു കോണില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ത്രാസും അധികൃതര്‍ കണ്ടെത്തി. പരാതിക്കാരില്‍ നിന്നും വിശദമായ മൊഴിയും അധികൃതര്‍ രേഖപ്പെടുത്തി.
നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും കണ്ടെത്തിയ കാര്യങ്ങള്‍ ജില്ല കളക്ടര്‍, ആര്‍ഡിഒ, ജില്ല സപ്ലൈഓഫീസര്‍, ഐ.ഒ.സി അധികൃതര്‍ എന്നിവര്‍ക്ക് നല്‍കുമെന്നും പരിശോധനക്ക് നേതൃത്വം നല്കിയ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ജോന്സന്, വിനോദ് കെ സാബു, മീനു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.