തിരുവനന്തപുരം: സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനത്തെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ട്രോളുകളും നിറഞ്ഞതോടെ നിർമാണത്തെപ്പറ്റി വിജിലൻസ് അന്വേഷിക്കാൻ കത്തു നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഈ മാസം 12നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുളത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
\
‘ഇതെന്താണ്…ബസിന്റെ ബോർഡാണോ ?’
കുളത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു എന്നാണ് സ്റ്റേജിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.
ഇതോടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ പരിഹാസങ്ങളും വിമർശനങ്ങളും നിറഞ്ഞു. ഓഡിറ്റോറിയം എന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നതെങ്കിലും ഓപ്പൺ സ്റ്റേജിന്റെ ചിത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഈ കോഴിക്കൂടിനാണോ 35 ലക്ഷം, എല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നാല്‍ എംഎല്‍എയുടെ ആസ്തി വികസിപ്പിക്കുന്ന ഫണ്ട് എന്നാണോ അർത്ഥം തുടങ്ങിയ പരിഹാസ കമന്റുകളാണ് പോസ്റ്റിനു കമന്റുകളായി ഫേസ്ബുക്കിൽ നിറഞ്ഞത്.
സ്റ്റേജിന്റെ മുകളിൽ സ്കൂളിന്റെ പേരിനേക്കാൾ വലിപ്പത്തിൽ മന്ത്രിയുടെ പേര് എഴുതിയതും പരിഹാസത്തിനിടയാക്കി. ഇതെന്താണ് ബസിന്റെ ബോർഡാണോ എന്നൊക്കെയുള്ള കമന്റുകളും നിറഞ്ഞു. പിന്നാലെ വിഷയം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ട്രോളുകളുടെ പെരുമഴയായി.
ഇതോടെ ഇക്കാര്യത്തിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ രംഗത്തെത്തി.
മന്ത്രിയുടെ വിശദീകരണം
ഫേസ് ബുക്ക് പോസ്റ്റ് ചില കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയത് തന്റെ ശ്രദ്ധയില്‍ പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള രണ്ട് ഗ്രീന്‍ റൂമുകളും, മറ്റ് രണ്ട് മുറികളും നല്ല ഉയരമുള്ള വിശാലമായ ഒരു സ്റ്റേജുമാണ് നിര്‍മ്മിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയപ്പോൾ ഇത്രയും പണം ഇതിന് വേണ്ടിവന്നോ എന്നത് പരിശോധിക്കണമെന്ന് താൻ നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
വസ്തുതകള്‍ സുതാര്യമാകുന്നതിനായി ഇതേക്കുറിച്ച് വിജിലന്‍സ് വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
എംഎല്‍എ ഫണ്ടില്‍ നിന്നുള്ള ബില്‍ പാസാക്കേണ്ടതും തുക നല്‍കേണ്ടതും ജില്ലാ കളക്ടറാകയാൽ ജില്ലാ കളക്ടറേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.