മംഗലംഡാം: കൃഷ്ണന്റെയും ശിവന്റെയും രവിയുടെയും രഞ്ജിത്തിന്റെയും മണികണ്ഠന്റെയുമൊക്കെ അധ്വാനം എന്നു പറഞ്ഞാൽ അത് ഒന്ന് ഒന്നര പണി തന്നെയാണ്.
ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ഏറെയുള്ള ഉൾക്കാടുകകളിൽ നിന്നും ഓടമുള വെട്ടി കൊണ്ടുവന്ന് മുറം, വട്ടി, കുട്ട തുടങ്ങിയവ ഉണ്ടാക്കി വിൽപ്പനയാണ് ഇവരുടെ തൊഴിൽ. കുഴൽമന്ദം നെച്ചുള്ളി സ്വദേശികളായ ഇവർ എത്തുന്നത് 40 കിലോമീറ്റർ പിന്നിട്ട് കടപ്പാറക്കടുത്ത് തളികകല്ല് കാട്ടിൽ.
കടപ്പാറവരയെ വാഹനം എത്തു. അവിടെ നിന്നും പത്തും പതിനഞ്ചും കിലോമീറ്റർ കാട്ടു പാതകളിലൂടെ നടന്ന് ഉൾവനത്തിൽ എത്തണം. ആനക്കൂട്ടങ്ങളുടെയും പുലിയുടെയുമൊക്കെ കണ്ണുവെട്ടിച്ച് മുള വെട്ടി വൃത്തിയാക്കണം.
ഓരോരുത്തർക്കും എടുക്കാവുന്ന ചുമടുകളായാൽ പിന്നെ യാത്രതിരിക്കും. വലിയചുമടുമായി കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞ് കടപ്പാറയിലെത്തും. അവിടെനിന്നും സ്വകാര്യ ബസിന് മുകളിൽ കയറ്റി വടക്കഞ്ചേരിയിലെത്തിക്കും.
പിന്നെ വലിയ പെട്ടി ഓട്ടോയോ മറ്റൊ വിളിച്ച് നെച്ചുള്ളിയിൽ എത്തിക്കണം. പുലർച്ചെ നാലിന് വീട്ടിൽനിന്നും കാൽനടയായും ബസിലുമൊക്കെയായാണ് യാത്ര.ഒരു ദിവസം വേണം കുട്ട നെയ്ത്തിന്റെ മുളയെത്തിക്കാൻ.
പുറം കാടുകളിൽ ഇപ്പോൾ ഓടമുളകൾ ഇല്ലാതായെന്നാണ് ഇവർ പറയുന്നത്.ഉള്ളത് ആനകൾ നശിപ്പിക്കും. ഇതിനാൽ നല്ല ഓട കിട്ടാൻ വനാന്തർഭാഗങ്ങളിലേക്ക് കയറണം
. പൂർവ്വികരായി മുള ഉൽപ്പന്നങ്ങൾ കൊണ്ടുള്ള കുട്ടനിർമ്മാണക്കാരാണ് ഇവർ. കുലതൊഴിൽ എന്ന രീതിയിൽ ഇപ്പോഴും കുറച്ചുപേർ ഇത് ചെയ്തുവരുന്നുണ്ട്.
വീടുകളിലെ സ്ത്രീകളും സഹായത്തിനുണ്ടാകും. എന്നാൽ ചെറുപ്പക്കാരൊന്നും ഈ തൊഴിലിൽ തല്പരരല്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മെറ്റീരിയൽ കൊണ്ട് കുട്ടകളും മറ്റും വ്യാപകമായപ്പോൾ പ്രകൃതിദത്ത മുളകുട്ടക്ക് ഡിമാൻഡ് കുറഞ്ഞു. അധ്വാനവും കഷ്ടപ്പാടുകളും മാത്രം ബാക്കിയാകുന്ന സ്ഥിതിയാണിപ്പോൾ.