കുളത്തൂപ്പുഴ: പേപ്പട്ടിയുടെ ആക്രമണത്തില്‍ ആറുവയസുകാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്. വളര്‍ത്തുമൃഗങ്ങളെയടക്കം നിരവധി മൃഗങ്ങള്‍ക്ക് കടിയേറ്റു. വില്ലുമല അമ്പതേക്കര്‍ കിഴക്കേകരയിലാണ് സംഭവം. ശൈലേന്ദ്രന്(30), ഷബിന്(12), അനൂപ് (ആറ്) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരന് അനൂപിന്റെ മുഖത്തും ഷബിന്റെ കാലിലുമാണ് കടിയേറ്റത്. കുട്ടികളുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് നായ ഓടി മറഞ്ഞു. നായ കുറച്ചപ്പുറത്തുള്ള ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ കടിക്കാനടുക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെയാണ് ശൈലേന്ദ്രന്റെ കാലില്‍ നായ കടിച്ചത്.
ഓടിയകന്ന നായയെ നാട്ടുകാര്‍ പിന്തുടര്ന്ന് തല്ലികൊന്നു. മൂവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മുഖത്ത് സാരമായി പരിക്കേറ്റ അനൂപിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പേവിഷബാധയേറ്റ നായ പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായകളേയും വളര്‍ത്തുമൃഗങ്ങളേയും കടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. അതിനാല്‍ ഇവയ്ക്ക് പേവിഷ ബാധയേറ്റിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.