കുളത്തുപ്പുഴ : മണ്ഡലകാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുളത്തുപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം. അന്യസംസ്ഥാനങ്ങളില്‍ നിന്നുമടക്കം എത്തുന്ന തീര്‍ഥാടകര്‍ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ എത്തിയതിന് ശേഷമേ ശബരിമലയിലേക്ക് പോകാറുള്ളൂ.
അടിസ്ഥാന സൗകര്യ പരിമിതികള്‍ക്കിടയിലും ഭക്തരെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് കുളത്തുപ്പുഴ ക്ഷേത്രവും ഭാരവാഹികളും.ക്ഷേത്ര പരിസരത്തെ കാടുകള്‍ വെട്ടി നീക്കി. നടപന്തലിലും, സ്റ്റേജിന് മുന്‍വശത്തെ പന്തലിലും ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോട് അടുത്ത് തന്നെ ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന ഭക്തര്‍ക്ക് ആഹാരം പാകം ചെയാനുള്ള സൗകര്യവും ഉണ്ടാകും. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. തകര്‍ന്ന ജലവിതരണ പൈപ്പ്കളുടെ അറ്റകുറ്റപ്പണികള്‍ നടത്തി.
ക്ഷേത്രവും പരിസരവും ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന് നടപടികള്‍ പൂര്ത്തിയാകിയിട്ടുണ്ട്. കുളിക്കടവുകളിലെ എക്കലും മണലും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം തന്നെ വര്‍ഷങ്ങളായി കുളിക്കടവ് നവീകരിക്കണം എന്ന ക്ഷേത്രം അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യത്തിന് ഇന്നും പച്ചകൊടി കാട്ടാന്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ തയാറായിട്ടില്ല.