കുളത്തൂപ്പുഴ: ഇടതു മുന്നണി ഭരിക്കുന്ന സര്‍വ്വീസ് സഹകരണ ബാങ്കിലെ നിയമനം സംബന്ധിച്ച തര്‍ക്കം കോടതി കയറിയതോടെ മുന്നണിക്കുള്ളിലെ സി.പി.ഐ., സി. പി. എം. അസ്വാരസ്യം മറ നീക്കി പുറത്തേക്ക്. ഏതാനും മാസം മുമ്പ് കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി നടത്തിയ നിയമനങ്ങള്‍ നിയമാനുസരണമല്ലെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐലോക്കല് കമ്മിറ്റി സെക്രട്ടറി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് മുന്നണിക്കുള്ളിലെ തര്‍ക്കം മുറുകിയത്.
നാളുകള്‍ക്ക് മുമ്പു മുതല്‍ ഭരണ സമിതിക്കുള്ളില്‍ പടലപിണക്കം ഉടലെടുത്തിരുന്നു. തുടക്കത്തില്‍ സിപിഎം പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കാരായ ഭരണസമിതി അംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നപ്പോൾ മുന്നണിയിലെ സി പിഐ. പ്രതിനിധികളുടെ പിന്തുണയോടെയാണ് ഭരണം മുന്നോട്ട് പോയിരുന്നത്.
എന്നാല്‍ തുടര്‍ന്ന് വന്ന നിയമനങ്ങള്‍ ഏകപക്ഷീയമായി സിപിഎം നടത്തിയത് ഭരണ സമിതിക്കിടയിലും മുന്നണിയിലും തര്‍ക്കത്തിനിടയാക്കി. ഭരണ പിന്തുണ നല്കുന്ന സി.പി.ഐ.യെ അവഗണിച്ച നടപടിയിലെ പ്രതിഷേധമാണ് ബാങ്ക് ഭരണസമിതിയും കടന്ന് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.
ഇതോടെ നിലിവില്‍ ഭരണ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ബാങ്ക്. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് പോകുന്നുവെങ്കിലും ഭരണ പരമായ പല തീരുമാനങ്ങളും എടുക്കാനാവാത്ത സ്ഥിതി വിശേഷമാണ്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനയാണ് ഭരണസമിതിയിലെ അംഗങ്ങള്‍ നല്‍കുന്നത്.