കുളത്തൂപ്പുഴ:ഇടതുമുന്നണി ഭരിക്കുന്ന കുളത്തൂപ്പുഴ സർവ്വീസ് സഹകരണബാങ്ക് ഭരണസമിതി ക്രമക്കേടുനടത്തിയെന്നുളള ആരോപണം അടിസ്ഥാന രഹിതമാണെന്ന വാദവുമായി മുൻ ഡി.സി.സി അംഗം രംഗത്ത്.ബാങ്കിൻെറ ഹെഡ്ഓഫീസ് നവീകരിച്ച് പുതിയകെട്ടിടം നിർമ്മിക്കുന്നതിനായി ബാങ്കിനോട് ചേർന്ന് 20സെൻറ് ഭൂമി ബാങ്ക്ഭരണസമിതി വിലകൊടുത്തുവാങ്ങിയിരുന്നു.
ഭൂമിവാങ്ങിയതിൽ അഴിമതി ഉണ്ടെന്നാരോപിച്ച് കുളത്തൂപ്പുഴ യു.ഡി.എഫ് നേതൃത്വം പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് ആരോപണം വസ്തുതാവിരുദ്ധമാണെന്ന വാദവുമായി ബാങ്ക് മുൻഭരണസമിതി അംഗം,അഞ്ചൽ ഹൗസിംഗ് സഹകരണ ബാങ്ക് പ്രസിഡൻറുകൂടിയായ ബഷീർറാവുത്തർ യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കി പ്രസ്താവനയുമായി രംഗത്ത് വന്നത്.
കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുളളതും ലാഭത്തിൽ പ്രവർത്തിക്കുന്നതും എല്ലാവർഷവും സഹകാരികൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നതുമായ ബാങ്കിനെ രാഷ്ട്രീയ ദുഷ്ടലാക്കോടെ സമൂഹത്തിനുമുന്നിൽ താറടിക്കാൻ ചിലർനടത്തുന്ന ശ്രമത്തിൻെറ ഭാഗമായുളള കെട്ടുകഥയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഒന്നരവർഷം മുമ്പ് നടന്ന ഭൂമി ഇടപാട് പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ടാണ്.
മുമ്പ് യു.ഡി.എഫ് ഭരണത്തിലുന്ന ബാങ്കിൽ കോൺഗ്രസ് തമ്മിലടികാരണം കഴിഞ്ഞതിരഞ്ഞെടു പ്പിൽ ഒരാളെപോലും വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല..കുളത്തൂപ്പുഴ സർവ്വീസ് സഹകരണബാങ്കിനെ തകർത്ത് പൊതുമേഖലാബാങ്കുകളെ സഹായിക്കാൻ ചിലർനടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നും ബഷീർറാവുത്തർ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്കിനെ അനുകൂലിച്ച് നിലപാടെടുത്ത മുൻ ബാങ്ക് പ്രസിഡൻറിനോട് വിശദീകരണം തേടാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെ മുൻകോൺഗ്രസനേതാവിൻെറ പ്രസ്താവന നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.