കുളത്തുപ്പുഴ :ഏജന്‍സികള്‍ കൂടിയ വിലക്ക് പാചകവാതക സിലിണ്ടറുകള്‍ നല്‍കിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.കഴിഞ്ഞദിവസമാണ് പാചക വാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചത്. അര്‍ദ്ധരാത്രി മുതല്‍ ഈ വില പ്രാബല്യത്തില്‍ വരുകയും ചെയ്തു. എന്നാല്‍ പാചകവാതക വിതരണം നടത്തിയ കുളത്തുപ്പുഴയിലെ ഏജൻസി കൂടുതൽവിലയ്ക്ക് സിലിണ്ടർ നൽകിയതിനാൽ നാട്ടുകാര്‍ പാചകവാത വിതരണത്തിനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം മണിക്കൂറുകളോളം തടഞ്ഞുവച്ചു.
കൂടിയ വിലക്ക് സിലിണ്ടറുകള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിലകുറഞ്ഞത് ചൂണ്ടികാട്ടി എങ്കിലും വിതരണത്തിനെത്തിയ ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല. ബില്ല് നല്‍കുകയോ വാങ്ങിയ തുക ബുക്കില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല. തുടര്‍ന്ന് പത്രവാര്‍ത്തകള്‍ ഉള്‍പ്പടെ കാണിച്ചിട്ടും വിലകുറക്കാന്‍ ജീവനക്കാര്‍ തയാറാകാതിരുന്നതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു.
ഇതറഞ്ഞ സ്വകാര്യ ഗ്യാസ് ഏജന്‍സി അധികൃതര്‍ വാഹനം അവിടെ ഉപേക്ഷിച്ച് ജീവനക്കാരോട് തിരികെ ചെല്ലാന്‍ ആവശ്യപ്പെട്ടു.ഇതോടെ നാട്ടുകാര്‍ കുളത്തുപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയെ പോലീസ് കുറഞ്ഞ വിലക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യണം എന്നും ബില്ലുകള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജീവനക്കാര്‍ മാത്രമാണെന്നും ഏജന്‍സി ഉടമ ബില്ല് നല്‍കാറില്ല എന്നും ജീവനക്കാര്‍ പറഞ്ഞു.
പോലീസിന്റെ നിര്‍ദേശ പ്രകാരം നാട്ടുകാര്‍, ജില്ല താലൂക് സപ്ലൈ ഓഫീസര്‍മാര്‍ക്കും ഐ.ഒ.സി അധികൃതര്‍ക്കും പരാതി നല്കി. സിലിണ്ടറിന് ബില്ലോ, ബുക്കില്‍ വാങ്ങുന്ന തുകയോ രേഖപ്പെടുത്താറില്ല എന്നും, ചോദ്യം ചെയ്യുന്നവരോടെ സിലിണ്ടര്‍ വിതരണത്തിനെത്തുന്നവര് അപമര്യാദയായി പെരുമാറുന്നതായും നാട്ടുകാര്‍ പറഞ്ഞു.
കുളത്തുപ്പുഴ 50 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന എജന്‍സിക്കെതിരെ മുമ്പും സമാനമായ പരാതികള്‍ നിരവധി ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കിയ ശേഷം ഏജന്‍സി ഓഫീസ് ഉപരോധമടക്കമുള്ള സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ഉപഭോക്താക്കളുടെ തീരുമാനം.