കുളത്തുപ്പുഴ : കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ അഞ്ചല്‍ ബ്ലോക്ക് പഞ്ചയാത്ത് പൂര്‍ണ്ണമായും അവഗണിക്കുകയാണ്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തത് നാളുകളായി പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ നാട്ടുകാരുടെ പാരതിക്ക് അധികൃതര്‍ നല്‍കുന്നത് അവഗണന മാത്രമാണ്.
ആദിവാസികള്‍ അടക്കം നിത്യവും നൂറുകണക്കിന് ജനങ്ങള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ആകെയുള്ളത് മൂന്ന് ഡോക്ടര്‍മാരാണ്. എന്നാല്‍ ഏറ്റവുമധികം തിരക്കുള്ള തിങ്കളാഴ്ച ആശുപത്രിയില്‍ ആകെയുണ്ടായിരുന്നത് ഒരു ഡോക്ടര്‍ മാത്രം. മുന്നൂറിലധികം എത്തിയ രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രം ആയതോടെ രാവിലെ മുതല്‍ ടോക്കന്‍ എടുത്തു കാത്തിരുന്നവര്‍ മണിക്കൂറുകള്‍ കാത്തിരുന്നു വലഞ്ഞു. കുട്ടികളുമായി എത്തിയവരാണ് ഏറെ ബുധിമുട്ടിലായത്.
മറ്റ് ഡോക്ടര്‍മാര്‍ പരിശീലനത്തിന് പോയിരിക്കുന്നു എന്ന മറുപടിയാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ക്ക് പുറമേ ലാബിലും ഫാര്‍മസിയിലും മാസങ്ങളായിട്ടുള്ളത് ഒരാള്‍ മാത്രമാണ്. മണിക്കൂറുകള്‍ കാത്തിരുന്ന് ഡോക്ടറെ കണ്ടു ശേഷം മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലോ, ടെസ്റ്റുകള്‍ക്കായി ലാബിലോ എത്തിയാല്‍ ഇവിടെയും മണിക്കൂറുകള്‍ കാത്തിരിക്കണം.
ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ ഒരു ദിവസം ഇവിടെ ചിലവഴിക്കേണ്ട അവസ്ഥയാണിന്നുള്ളത് എന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ കാത്തിരിക്കുന്നവര്‍ക്ക് മാനിസിക ഉല്ലാസം നല്കാന് സ്ഥാപിച്ചിരുന്ന ടിവിയും അധികൃതര്‍ പൂട്ടി. എംഎല്‍എ ഫണ്ടില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിച്ച കെട്ടിടം പൂര്‍ത്തീകരിച്ചിട്ടും തുറന്നു നല്കാന് നടപടിയില്ല. ഇങ്ങനെ എല്ലാ തരത്തിലും കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ അവഗണിക്കുകയാണ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്ക് പഞ്ചായത്ത് ് ശ്രദ്ധിക്കുന്നത് അഞ്ചലിലെ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം മാത്രമാണ് എന്ന് ഭരണ കക്ഷി നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. എന്തിനും ഏതിനും സമരം പ്രഖ്യാപിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന ഇടതു വലത് യുവജന സംഘടനകള്‍ ആശുപത്രിയുടെ കാര്യത്തില്‍ മൗനം നടിക്കുകയാണ്.
ഇവിടെ കിടത്തി ചികിത്സ ആരംഭിക്കണം എന്നും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചികിത്സ സംവിധാനം ഏര്‍പ്പെടുത്തണം എന്നും കാണിച്ച് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തിയിരുന്നുവെങ്കിലും അത് ഒപ്പ് ശേഖരണത്തില്‍ മാത്രമായി ഒതുങ്ങി. നാളുകളായി കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണന ഒഴിവാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പൊട്ടുന്നു.