കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിനെ അപ്ഗ്രേഡ് ചെയ്തു പോളിടെക്നിക്ക് കോളേജായി ഉയർത്താൻ ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനായി സാങ്കേതിക ഉന്നതവിദ്യാഭ്യാസ വകുപ്പിനും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടതായി മന്ത്രി കെ. രാജു കുളത്തൂപ്പുഴയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ഗവൺമെൻറ് യു. പി. സ്കൂളിനു പുതിയതായി അനുവദിച്ച കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻെറ ഭാഗമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച രണ്ടുകോടി രൂപ മുടക്കി മൂന്നു നില കെട്ടിടമാണ് കുളത്തൂപ്പുഴ ഗവ. യു. പി. സ്കൂളിനായി നിർമ്മിക്കുന്നതെന്നും എല്ലാ ക്ലാസ്സ് മുറികളും ഡിജിറ്റലൈസ് ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാ ബീവി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രൻപിള്ള, എസ്. ഗോപകുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.