കുളത്തുപ്പുഴ.: കുളത്തുപ്പുഴതെന്മലപാതയുടെ നിർമ്മാണംഒന്നര വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. പുനലൂര്‍ എംഎല്‍എ കൂടിയായ മന്ത്രിരാജുവിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒന്പതുകോടി രൂപ ഉപയോഗിച്ച് ആരംഭിച്ച റോഡ് നിര്‍മ്മാണമാണ് ഇപ്പോഴും എങ്ങും എത്താതെ കിടക്കുന്നത്.
തെന്മല മുതല്‍ കുളത്തുപ്പുഴ അമ്പലക്കടവ് വരെയുള്ള പന്ത്രണ്ട് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള പാതയുടെ ടാറിംഗ് പ്രവര്‍ത്തനം ആണ് ഇപ്പോഴും ഇഴയുന്നത്. ഏകദേശം ഒരു കിലോമീറ്റര്‍ റോഡ് പണിയുന്നതിനു 90 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഇത്രയധികം രൂപ ചിലവഴിച്ച റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ പോലും ഇളകി തുടങ്ങി. പലഭാഗങ്ങളിലും ടാറിംഗ് പകുതി ചെയ്ത ശേഷം കരാറുകാരന് മുങ്ങി.
കുളത്തുപ്പുഴ അയ്യന്പിള്ളവളവില് ഇന്റര്‍ലോക്ക് കട്ടകള്‍ സ്ഥാപിക്കാന്‍ നിലവിലുണ്ടായിരുന്ന പാത മുഴുവന്‍ പൊളിച്ചു നീക്കിയത് ഇപ്പോഴും അങ്ങനെ തന്നെകിടക്കുകയാണ്. ഇവിടെ സ്ഥാപിക്കാന്‍ എത്തിച്ച ഇന്റർ ലോക്ക് കട്ടകള്‍ രാത്രിയുടെ മറവില്‍ കരാറുകാരന് തന്നെ മറ്റ് ഇടത്തേക്ക് മാറ്റിയെന്നും ആക്ഷേപമുണ്ട്. കടുത്ത പൊടിപടലം നിറഞ്ഞതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. ഇക്കാര്യങ്ങള്‍ മന്ത്രി കെ രാജുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പാതയുടെ നിര്‍മ്മാണം പൂര്ത്തീകരിക്കത്തതിനെ ന്യായീകരിക്കുന്ന രീതിയാണെന്നും ആക്ഷേപമുണ്ട്. പാതയുടെ നിര്‍മ്മാണത്തില്‍ യാതൊരുവിധ കുഴപ്പവുമില്ലന്നു പറയുന്ന മന്ത്രി കുറഞ്ഞ പക്ഷം പള്ളംവെട്ടി, അയ്യന്‍പിള്ള വളവ്, ഇ.എസ്.എം കോളനി ഭാഗങ്ങളില്‍ മാത്രം ഒന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാതയുടെ നിര്‍മ്മാണം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നടക്കുന്നത് എന്ന് ആവര്‍ത്തിക്കുന്ന മന്ത്രി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എര്‍ത്ത്ഡാം ഭാഗം ഒന്ന് സന്ദര്‍ശിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്തിന് മുമ്പ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കും എന്ന് മന്ത്രി പറഞ്ഞ വാക്ക് ഈ മണ്ഡലകാലം കഴിയുന്നതിന് മുമ്പ് എങ്കിലും തീര്‍ക്കുമോ എന്നാണു നാട്ടുകാര്‍ ചോദിക്കുന്നത് .