നാഗ്പുർ: ലഭിച്ച അവസരങ്ങൾ ഉപയോഗിക്കുന്നതു മാത്രമേയുള്ളെന്നും ആരുടെയും വഴി മുടക്കിയിട്ടില്ലെന്നും ഇന്ത്യൻ സ്പിൻ സെൻസേഷനായ കുൽദീപ് യാദവ്. ഏകദിന ടീമിലേക്ക് മുതിർന്ന സ്പിന്നറായ ആർ. അശ്വിന്റെ മടങ്ങിവരവിന് കുൽദീപിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും പ്രകടനം തടസമാകുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് താരത്തിന്റെ മറുപടി.
റിസ്റ്റ് സ്പിൻ സഖ്യമായ ചാഹലും കുൽദീപും മികച്ച പ്രകടനത്തിലൂടെ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായപ്പോൾ ഫലത്തിൽ അശ്വിൻ പുറത്തായി. രവീന്ദ്ര ജഡേജയാകട്ടെ മൂന്നാം സ്പിന്നറായി ഒതുക്കപ്പെടുകയും ചെയ്തു.
ഇല്ല, ആരുടെയും വഴി ഞങ്ങൾ തടഞ്ഞിട്ടില്ല. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുകമാത്രം ചെയ്യുന്നു. അശ്വിനും ജഡേജയും ഇന്ത്യക്കായി എപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടെസ്റ്റിൽ ഇരുവരും ഇപ്പോഴും കളിക്കുന്നുമുണ്ട്. – കുൽദീപ് പറഞ്ഞു.