ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തെത്തുടർന്ന് സഹപാഠിയായ എംബിഎ വിദ്യാർഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉത്തരവിട്ടു. ശനിയാഴ്ച അർധരാത്രി വിദ്യാർഥിനികൾ കാന്പസിൽ പ്രതിഷേധിച്ചതോടെ എഡിജിപി ഗുർപ്രീത് ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ചർച്ച നടത്തിയിരുന്നു.
ഇന്നലെയും വിദ്യാർഥിനികൾ കാന്പസിൽ പ്രതിഷേധിച്ചു.അറുപതോളം വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങളാണ് പെണ്കുട്ടി മൊബൈലിൽ പകർത്തിയത്.
4,000 വിദ്യാർഥിനികളാണ് ഹോസ്റ്റലിലുള്ളത്. കുളിമുറിയുടെ വാതിലിനടിയിൽനിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മറ്റു വിദ്യാർഥിനികൾ ബഹളം വച്ചത്.
ഹിമാചൽപ്രദേശിലുള്ള തന്റെ ആണ്സുഹൃത്തിന് ഈ വീഡിയോ ദൃശ്യങ്ങൾ പെൺകുട്ടി അയച്ചുകൊടുത്തിരുന്നു. ഇയാളാണ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി വിദ്യാർഥിനികൾ ആരോപിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി അറസ്റ്റിലായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു വീഡിയോ മാത്രമാണു കണ്ടെത്താനായത്. അറസ്റ്റിലായ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഇതിനിടെ, ഹോസ്റ്റലിലെ ഒരു പെണ്കുട്ടി ആത്മഹത്യക്കു ശ്രമിച്ചതായി വിവരമുണ്ട്. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി വൈസ്ചാൻസലർക്കു ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ കത്തയച്ചു.
അതിനിടെ, സംഭവത്തിൽ സർവകലാശാല വിശദീകരണവുമായി രംഗത്തെത്തി. വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചുവെന്ന വാർത്ത തെറ്റാണെന്നു പ്രോ ചാൻസലർ ആർ.എസ്. ബാവ പറഞ്ഞു.
ഒരു വിദ്യാർഥിനി തന്റെ സ്വകാര്യദൃശ്യങ്ങൾ സ്വമേധയാ ചിത്രീകരിച്ച് ആൺസുഹൃത്തിനു പങ്കുവച്ചതല്ലാതെ, മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ സർവകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.