ശാസ്താംകോട്ട: ബാത്ത് റൂമിൽ മൊബൈൽകാമറ വച്ച് പെൺകുട്ടി കുളിക്കുന്ന ചിത്രംപകർത്താൻ ശ്രമിച്ച ബംഗാളി സ്വദേശിയെ അറസ്റ്റുചെയ്യുന്നതിനിടയിൽ നാട്ടുകാരും പോലീസും ഏറ്റുമുട്ടി. കല്ലേറിൽ ശൂരനാട് സ്റ്റേഷനിലെ പോലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവർ ഉൾപ്പെടെ ആറുപോലീസുകാർക്ക് പരിക്കേറ്റു. എസ്ഐ സജീഷ്കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാൾ സ്വദേശി. സ്ഥാപനത്തോടുചേർന്നുള്ള വീടിന്റെ കുളിമുറിയിൽ കുളിക്കുകയായിരുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തുന്നതിനിടയിൽ ഭിത്തിയിലെ വെന്റിലേറ്ററിൽ മൊബൈൽകാമറ കണ്ട് പെൺകുട്ടി ബഹളം വച്ചതിനെതുടർന്ന് ബംഗാൾ സ്വദേശി സ്ഥാപനത്തോടുചേർന്നുള്ള താമസ്ഥസ്ഥലത്ത് മുറിയിൽ കയറി വാതിലടച്ചു.
സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിവരം പോലീസിൽ അറിയിക്കുകയും യുവാവിന്റെ താമസ സ്ഥലം വളയുകയും ചെയ്തു. പോലീസെത്തി ബംഗാൾ സ്വദേശിയെ അറസ്റ്റുചെയ്യുന്നതിനിടയിൽ നാട്ടുകാർ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്ത പോലീസുമായി ചിലർ വാക്കേറ്റമുണ്ടായി. തുടർന്നുള്ള കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരിൽ ചിലർക്കും പരിക്കുണ്ട്.