കുമരകം: സ്നേഹം ഭാവിച്ച് വയോധികയുടെ അടുത്തകൂടി സ്വർണവളകൾ ഉൗരിയെടുത്ത മോഷ്ടാവിനെ കുമരകം പോലീസ് തന്ത്രപൂർവം പിടികൂടി. പുതിയകാവ് ക്ഷേത്രത്തിനു സമീപമുള്ള തൈപ്പറന്പിൽ ഗോവിന്ദൻ നായരുടെ ഭാര്യ സരസ്വതിയമ്മ (89) യുടെ രണ്ടുവളകളുമായി കടന്ന കുമരകം ആശാരിശേരി ലക്ഷം വീട് കോളനി രാഘവന്റെ മകൻ കുടക്കന്പി എന്നറിയപ്പെടുന്ന അനീഷ് (36) നെ ആണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നിനാണ് വളകളുമായി ഇയാൾ കടന്നു കളഞ്ഞത്.
വൃദ്ധ ദന്പതികളുടെ മകൻ വിനോദ് എറണാകുളത്തും ഭാര്യ ഗിരിദീപം സ്കൂളിലും ജോലിക്കു പോയ തക്കം നോക്കി പൂഴിമണൽ ചുമന്നിടാൻ മകൻ വിളിച്ചിട്ടു വന്നതാണെന്നു പറഞ്ഞടുത്തു കൂടിയാണ് മോഷണം നടത്തിയത്.
വൃദ്ധമാതാവ് പോലീസിനോടു പറഞ്ഞ അടയാളങ്ങളും ധരിച്ച മുണ്ടിന്റെ നിറവും അനുസരിച്ച് നടത്തിയ അന്വേഷണമാണ് അനീഷിലേക്കു ചെന്നെത്തിയത്. പ്രതിയെ വീടിന്റെ സമീപത്ത് കണ്ടതായി ചില ദൃക്സാക്ഷികളും പോലീസിനോട് പറഞ്ഞു. കഴിഞ്ഞ മേയ് മൂന്നിനു മൂന്നര പവന്റെ മാല കുമരകം കളരിക്കൽ തോമസ് ജോസഫിന്റെ കഴുത്തിൽ നിന്നു പിടിച്ചുപറിച്ചോടിയ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയതും പോലീസിന്റെ സംശയത്തിനു ശക്തികൂട്ടി.
രാത്രി എട്ടോടെ ആശാരിശേരി കോളനിയിൽനിന്നും പ്രതിയെ പിടികൂടി. സരസ്വതിയമ്മ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഒരു രാത്രി മുഴുവനും ചോദ്യം ചെയ്തിട്ടും പ്രതി കുറ്റം സമ്മതിച്ചില്ല. ഇന്നലെ രാവിലെ കുറ്റം സമ്മതിച്ചെങ്കിലും മറ്റൊരാൾ അതുമായി കടന്നു കളഞ്ഞെന്ന മൊഴിനൽകി.
പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ വള ഒളിപ്പിച്ച സ്ഥലം കാട്ടികൊടുക്കാമെന്ന് പറഞ്ഞ് വീണ്ടും പോലീസിനെ കബളിപ്പിക്കാൻ നീക്കംനടത്തി. കൊച്ചിടവട്ടം ഭാഗത്ത് കുറ്റികാട്ടിൽ ഒളിപ്പിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ആ പ്രദേശത്ത് തെരച്ചിൽ നടത്തി.
ഒടുവിൽ പ്രതിയുടെ വീടിനു സമീപത്തുള്ള പുരയിടത്തിലെ കിണറ്റിൽ ഇട്ടു എന്നറിയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുളത്തിൽ മുങ്ങി തപ്പിയെങ്കിലും തൊണ്ടി കണ്ടെത്താനായില്ല. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കുളത്തിലെ വെള്ളം വറ്റിച്ച് വളകൾ കണ്ടെടുക്കുകയായിരുന്നു. കോടതിയിലെത്തിച്ച പ്രതിയെ റിമാൻഡു ചെയ്തു.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിബു പാപ്പച്ചൻ, എസ്ഐ ജി.രജൻ കുമാർ, എ എസ്ഐമാരായ ജോണി ജോസഫ് സന്തോഷ്, സിപിഒ മാരായ പ്രദീപ്. അരുണ് പ്രദീഷ് എന്നിവരാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.