ഇടുക്കി: കുമളി 66-ാം മൈലില്‍ കാറിനു തീപിടിച്ചു വെന്തുമരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് റോയി സെബാസ്റ്റ്യന്‍ (64) ആണ് മരിച്ചത്. മുന്‍ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനായിരുന്നു. കാറിനു തീ പിടിച്ചതിനെത്തുടര്‍ന്ന് ഇതിനുള്ളില്‍ അകപ്പെട്ടു പോയ റോയി വെന്തുമരിക്കുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കൊട്ടാരക്കര – ദിണ്ടുഗല്‍ ദേശീയ പാതയില്‍ 66-ാം മൈല്‍ കുരിശുപള്ളിക്കു സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നു പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികന് വാഹനത്തെ മറികടന്ന് ബൈക്ക് നിര്‍ത്തി കാറില്‍ നിന്നു ഡ്രൈവറോട് വേഗത്തില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപം നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇടിച്ചു കയറുകയുമായിരുന്നു. ഇതു വഴിയെത്തിയ യാത്രക്കാര്‍ കാറിന്റെ ഡോര്‍ തുറന്ന് ഉള്ളിലുള്ളയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ റോയിയ്ക്ക് പുറത്തിറങ്ങാനായില്ല.
ഇതിനിടെ കാറിനുള്ളില്‍ ശക്തമായ തോതില്‍ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുമളിയില്‍ നിന്നു ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്നും പിന്നീട് പീരുമേട് നിന്നു ഫയര്‍ഫോഴ്സ് എത്തിയുമാണ് തീയണച്ചത്. കാര്‍ വന്നിടിച്ച ബൈക്കും കാറും പൂര്‍ണമായി കത്തി നശിച്ചു. കാര്‍ ഓട്ടത്തിനിടയില്‍ തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
എന്നാല്‍, മരണത്തില്‍ ദുരൂഹതയുള്ളതായും ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പോലീസിന്റെ സയന്റിഫിക് വിഭാഗം ഉദ്യോഗസ്ഥരും ഇന്ന് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും.