കുമളി: കുമളി-തേക്കടി റോഡിലുള്ളലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഇന്നു രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. മരിച്ച യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് ഇൻക്വസ്റ്റ് ഇന്നത്തേക്കു മാറ്റിയത്.
ചിറയിൻകീഴ് ആഴൂർ പെരുങ്ങോലി ദ്വാരകയിൽ പ്രമോദ് എസ്.പ്രകാശ് (43), ഇയാളുടെ ഭാര്യ എന്നു പറയുന്ന ചെന്നൈ കാഞ്ചീപുരം സ്വദേശിനി ജീവ (39), പ്രമോദിന്റെ മാതാവ് എന്നു പറയുന്ന ശോഭന (60) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാത്രി പത്തോടെ ലോഡ്ജ് മുറിയിൽനിന്ന് വലിയ ബഹളം കേട്ടതായി സമീപവാസികൾ പറയുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവർ ആത്മഹത്യ ചെയ്തതാണെന്നാണു സൂചന. യുവതിയുടെ മൃതദേഹം കട്ടിലിൽ മലർന്നുകിടന്ന നിലയിലും മറ്റുള്ളവർ ഫാനിൽ തൂങ്ങിയ നിലയിലുമാണ്. മേയ് 31-നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നാണ് ലോഡ്ജ് ജീവനക്കാരോടു പറഞ്ഞത്. നിരവധിപ്പേർ ഇവരെ കാണാൻ ലോഡ്ജിൽ എത്തിയിരുന്നു. ഇവർ രണ്ടു കാറുകൾ ഉപയോഗിച്ചിരുന്നു.
കാറുകൾ ഇപ്പോഴും ലോഡ്ജിൽ പാർക്ക് ചെയ്തിട്ടുണ്ട്. പ്രമോദിന്റെയും ജീവയുടെയും രണ്ടാം വിവാഹമാണ്. നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്നും പറയപ്പെടുന്നു. ഫേസ്ബുക്ക് വഴിയാണ് യുവതിയെ പ്രമോദ് പരിചയപ്പെട്ടത്. കോടീശ്വരിയായ യുവതിക്ക് കന്പം, പുതുപ്പെട്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ സ്വത്തുവകകളുണ്ട്. ഇവ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നാണു സൂചന.
പ്രമോദിന്റെ പേരിൽ ആറ്റിങ്ങലിൽ 2016-ൽ വിസ തട്ടിപ്പു സംബന്ധിച്ച കേസുണ്ടായിട്ടുണ്ട്. ഇയാളുടെ മറ്റ് ഇടപാടുകൾ സുതാര്യമല്ലെന്ന് ആക്ഷേപമുണ്ട്. യുവതിയുടെയും പ്രമോദിന്റെയും ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ലോഡ്ജിൽ രണ്ടു മുറികളിലാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹങ്ങൾ കാണപ്പെട്ട മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.