റോസ് പാർക്ക് ആകെ സുഗന്ധമയമാണ്. തേൻമധുരമുള്ള ചക്കയും മാങ്ങയും ഇവിടെ സുലഭം. ഇപ്പോൾ മാവും പ്ലാവും നിറയെ പൂത്തിരിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഓറഞ്ച് അടക്കം നിരവധി ഫലവൃക്ഷാദികൾ. ഒൗഷധ സസ്യങ്ങളുടെ നീണ്ട നിരതന്നെ പാർക്കിലുണ്ട്. കണ്ണും മനസും നിറയ്ക്കാൻ അൻപതിൽപരം അപൂർവയിനം റോസാച്ചെടികൾ പൂവിട്ടുനിൽക്കുന്നു.
പ്രകൃതിയുടെയും വിജ്ഞാനത്തിന്റെയും കൂടാരമാണ് കുമളി അട്ടപ്പള്ളം റോഡിലുള്ള റോസ് പാർക്ക്. ഉല്ലാസ പരിപാടികൾ എല്ലാംതന്നെ ശബ്ദരഹിതമാണ്. പ്രകൃതിയെ അലോസരപ്പെടുത്താതെയുള്ള ഉല്ലാസങ്ങൾ. കല്യാണ ഫോട്ടോകൾ പകർത്താൻ സംസ്ഥാനത്തിനകത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും നിരവധി സംഘങ്ങൾ ഇവിടെയെത്തുണ്ട്.
സ്കൈ സൈക്കിൾ, ബർമാ ബ്രിഡ്ജ്, സിപ് ലൈൻ, മൾട്ടിവൈൻ, വാലിക്രോസിംഗ്, കയാക്കിംഗ്, ബഞ്ച് ട്രംപോളിൻ, പെഡൽ ബോട്ടിംഗ്, ആർച്ചറി, ഷൂട്ടിംഗ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, സ്കിപ്പിംഗ് തുടങ്ങി ഒട്ടനവധി വിനോദോപാധികൾ പാർക്കിലുണ്ട്.
അല്ലി ആന്പൽ അടക്കം വിവിധതരം ആന്പലുകൾ, താമരകൾ, മരുഭൂമിയിൽ കാണുന്ന ക്യാറ്റസ് ചെടികൾ, ഹോൾട്ടികൾച്ചർ നഴ്സറി എന്നിവയുടെ ശേഖരവും ഇവിടുണ്ട്. ബാംഗളൂർ, ഹൈദരാബാദ്, തൃശൂർ മണ്ണുത്തി എന്നിവിടങ്ങളിൽനിന്നാണ് അപൂർവയിനം ചെടികളും ഫലവൃക്ഷങ്ങളും എത്തിയത്.
പാർക്കിലെ തോട്ടിൽ തിമിർക്കുന്ന നിരവധി അലങ്കാരമീനുകൾ, കാലുകൊണ്ട് പഴമക്കാർ മരച്ചക്രം ചവുട്ടി പാടത്തേക്കു വെള്ളം കയറ്റുന്ന മരച്ചക്രവും നെൽപ്പാടവും ഇവിടുണ്ട്. പത്തേക്കർ സ്ഥലത്താണ് പാർക്കുള്ളത്. പാർക്കിനോടുചേർന്നു വിശാലമായ ഏലത്തോട്ടം. ഏലം റാണിയെ തൊട്ടറിയാൻ സഞ്ചാരികളുടെ തിരക്കാണ്.
പ്രമുഖ വ്യാപാരിയും പ്ലാന്ററുമായ കുമളി വെട്ടൂണിക്കൽ സണ്ണിയുടെ ഭാവനയിൽ വിരിഞ്ഞതാണ് പാർക്ക്. പേരക്കുട്ടിയുടെ പേരാണ് സണ്ണി പാർക്കിനു നൽകിയത്. സണ്ണിയാണ് പാർക്കിന്റെ മാനേജിംഗ് ഡയറക്ടർ. അട്ടപ്പള്ളം കളപ്പുരയ്ക്കൽ സജി മേൽനോട്ടവുമായി സദാസമയവും പാർക്കിലുണ്ട്. ആധുനിക റസ്റ്ററന്റും ഇവിടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ. കുമളിയിലെത്തുന്ന സഞ്ചാരികളെയും ആകർഷിക്കുകയാണ് റോസ് പാർക്ക്.