ചവറ: വാഹനാപകടത്തിൽ നിന്നും കാൽ നടയാത്രക്കാരന്റെ ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്.സംഭവം നവ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നു. ചവറ തട്ടാശേരിയ്ക്ക് സമീപമുള്ള സിസിടിവി യിൽ പതിഞ്ഞ ആരെയും അൽഭുതപ്പെടുത്തുന്ന അപകട കാഴ്ചയാണ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
വെള്ളിഴായ്ച്ച രാവിലെ 6.30 ഓടെ ദേശീയ പാതയിൽ തട്ടാശേരി വിജയപാലസിന് സമീപത്തൂടെ കാൽനടയായി ജോലിക്ക് പോകുന്നയാളിനെ ഇടിക്കാതെ അമിത വേഗതയിൽ പോയ പിക്ക് അപ്പ് വാൻ പാതയോരത്ത് നിന്ന
പോലീസിന്റെ സിസിടിവി കാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി.സമീപത്തെ കെട്ടിടത്തിലെ സിസിടിവി കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
കാൽ നടയാത്രക്കാരൻ എന്താണ് നടന്നതെന്നറിയാതെ പകച്ചു നിൽക്കുന്നതും പിക്ക് അപ്പ് വാൻ തന്റെ മുന്നിലൂടെ അമിത വേഗതയിൽ പോയതും മനസിലാക്കിയ യാത്രക്കാരൻ നെഞ്ചിൽ കൈവെച്ച് ദൈവത്തിന് നന്ദി പറയുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.
ഇതോടെ പലരും രക്ഷപ്പെട്ട വ്യക്തിയെ അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി. നിർമാണ തൊഴിലാളിയായ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതിൽ കുമാർ (52) ആണെന്ന് തിരിച്ചറിഞ്ഞു.
ബന്ധുവിന്റെ ബൈക്കിൽ നല്ലേഴ്ത്ത് ജംഗ്ഷനിലെത്തി സമീപത്തെ ക്ഷേത്രത്തിൽ തൊഴുത ശേഷം ദേശീയപാതയുടെ പടിഞ്ഞാറുവശത്തുകൂടി ജോലിക്ക് പോകുകയായിരുന്നു.