തെന്മല: തമിഴ്നാട് സ്വദേശി അന്പഴകന് എന്ന യുവാവിനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിച്ചുമെന്ന് പോലീസ്.
കൊലപാതകവുമായി ബന്ധപ്പെട്ടു പ്രധാന പ്രതികളില്‍ ഒരാള്‍കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തമിഴ്നാട് കരൂർ റെഡ്ഢിയാർപട്ടി സ്വദേശി കുമാർ (29) നെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലുള്ള ഒന്നാം പ്രതി പാലക്കാട് സ്വദേശി ഫൈസലിന് വേണ്ടി അന്‍പഴകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഇന്നലെ പിടിയിലായ കുമാര്‍ ആണെന്ന് പോലീസ് പറഞ്ഞു.
പുനലൂർ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിൽ തെന്മല പോലീസ് മധുരയിലെ ലോഡ്ജിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി സാഹിസകമായാണ് പ്രതിയെ പിടികൂടുന്നത്.
അന്‍പഴകനെ കൊലപ്പെടുത്താനുള്ള ഫൈസലിന്റെ ക്വട്ടേഷന്‍ കുമാര്‍ അടക്കമുള്ളവര്‍ കേവലം പതിനയ്യായിരം രൂപയ്ക്കു ഏറ്റെടുത്തുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
കേസിൽ ആദ്യം അറസ്റ്റിലായ അളഗർസാമി അടയ്ക്കളം പറഞ്ഞ മൊഴിയില്‍ നിന്നു വ്യത്യസ്ത മൊഴിയാണ് കുമാര്‍ നല്‍കുന്നത്.
മുഖ്യ പ്രതിയായ ഫൈസലിനെ പിടികൂടിയാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുവെന്ന് അന്വേഷണ സംഘം പറയുന്നു.
ഫൈസൽ അൻപഴകനെ കാറിൽ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ ചെങ്കോട്ട – അച്ചൻകോവിൽ റോഡരികിലെ ക്ഷേത്രത്തിൽ നിന്നും ലഭിച്ചത് നിർണായക തെളിവായെന്നു പുനലൂർ ഡിവൈഎസ്പി ബി വിനോദ് പറഞ്ഞു.
കാറില്‍ കയറ്റിയ അന്‍പഴകനെ കഴുത്തറുത്തും ഇരുമ്പ് വടി കൊണ്ട് തലയ്ക്കു അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തില്‍ ആറുപ്രതികള്‍ ഉണ്ടെന്നാണ് വിവരം. ഫൈസലിനും മറ്റ് മൂന്ന് പ്രതികൾക്കുമായി തിരച്ചിൽ ശക്തമാക്കിയതായി അന്വേഷണത്തിന് നേതൃത്വം നല്കുന്ന പുനലൂര്‍ ഡി.വൈ.എസ്.പി അറിയിച്ചു.
പുനലൂർ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിൽ തെന്മല പോലീസ് ഇൻസ്പെക്ടർ ശ്യാം, സബ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചന്, സി പി ഒ മാരായ ചിന്തു,
അനീഷ് കുമാർ, കണ്ണന്, അനൂപ്, വിഷ്ണു, എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.