കോട്ടയം: കുമരകത്തുനിന്ന് മുഹമ്മയിലേക്കു യാത്രക്കാര്‍ക്ക് വേമ്പനാട്ടുകായലിലേ കാറ്റേറ്റ് പുസ്തകങ്ങളും വായിക്കാം. ഒഴുകുന്ന പുസ്തകശാല എന്ന പേരില്‍ മുഹമ്മ എ.ബി. വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ കുട്ടികളാണ് വേറിട്ട വായനാനുഭവം ഒരുക്കിയിരിക്കുന്നത്.
ജലഗതാഗത വകുപ്പിന്റെ എസ് -52 എന്ന കുമരകം-മുഹമ്മ യാത്രാ ബോട്ടിലാണ് പ്രത്യേക അലമാരയില്‍ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നൂറോളം പുസ്തകങ്ങളാണു ലൈബ്രറിയിലുള്ളത്.
ദൈര്‍ഘ്യമേറിയ ഫെറി സര്‍വീസാണ് കുമരകം-മുഹമ്മ റൂട്ട്. 40 മിനിറ്റാണ് യാത്രാ സമയം. ഈ സമയം കുറച്ചു നേരമെങ്കിലും മൊബൈല്‍ മാറ്റിവച്ച് പുസ്തക വായനയിലൂടെ യാത്രയ്ക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ് ഒഴുകുന്ന പുസ്തകശാല. വായനയുടെ അനുഭവവും അഭിപ്രായവും രേഖപ്പെടുത്താന്‍ ബുക്കുമുണ്ട്.
കുമരകം-മുഹമ്മ റൂട്ടിലെ മറ്റൊരു ബോട്ടിലും പുസ്തകശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍ എന്‍എസ്എസ് വിഭാഗം.
പ്രിന്‍സിപ്പല്‍ വിജോ കെ. കുഞ്ചെറിയ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ഇ.വി. വിനോദ്, ലീഡര്‍ ദേവലാല്‍, അജ്ഞന എം. നായര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. ആശോക് കുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ മുഹമ്മദ് ഹഫീസ്, മാനേജര്‍ ജെ. ജയലാല്‍, മുഹമ്മ സ്റ്റേഷന് ഓഫീസര്‍ ഷാനവാസ് ഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴുകുന്ന പുസ്തക ശാലയുടെ പ്രവര്‍ത്തനം.