കോട്ടയം: എങ്ങും പച്ച നിറത്തിലുള്ള പാടത്തിന്റെ മനം കുളിർക്കുന്ന കാഴ്ച. ചൂടിന്റെ തീഷ്ണതയകറ്റാൻ ആകാശം തൊട്ട് മേഘങ്ങൾ തഴുകിയെത്തുന്ന കുളിർകാറ്റ്. ഇതൊക്കെ അനുഭവിച്ചുകൊണ്ട് നോക്കെത്താ ദൂരത്തു കിടക്കുന്ന പാടത്തിന്റെ വരന്പിലൂടെ ഒരു യാത്ര. ആസ്വാദ്യകരമായ ഈ സഞ്ചാരാനുഭവത്തിൽ നിങ്ങൾ ഒറ്റക്കല്ല; സഹായത്തിനായി കൃഷീക്കാരനായ ഗ്രാമീണ ഗൈഡും ഒപ്പമുണ്ടാകും. കുമരകം പ്രദേശത്തെ പരന്പരാഗത നെൽവയലുകളും കായലുകളും പ്രകൃതിദത്തമായ ജൈവ വൈവിധ്യവും പരിപാലിക്കാനും സംരക്ഷിക്കാനുമായി നെൽവയൽ സഞ്ചാര പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. ജലാശയങ്ങളും നെൽവയലുകളും പരിപാലിക്കാനും ഭാവികാലത്തേക്കു കരുതിവയ്ക്കാനുമായിട്ടാണു ടൂറിസം മിഷൻ ഒരു നെൽവയലിന്റെ ജീവിത ചക്രം അനുഭവിച്ചറിയുക എന്ന സമഗ്രമായ ടൂർ പാക്കേജ് തയാറാക്കിയിരിക്കുന്നത്.
നിലമുഴൽ, വിത്തു വിതയ്ക്കൽ, കൊയ്ത്ത്, തുടങ്ങി നെൽകൃഷിയുടെ മുഴുവൻ ഘട്ടങ്ങളും കണ്ടറിയാനും അതിൽ ഭാഗഭാക്കാവുന്നതുമായ കാര്യങ്ങളാണു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തനി നാടൻ അനുഭവത്തിനായി കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെയാണു പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തെരഞ്ഞെടുക്കുന്ന പ്രാദേശത്തിന്റെ തനതായ സംസ്കാരവും ആ നാടിന്റെ സവിശേഷമായ പാരന്പര്യവും പരിചയപ്പെടുത്തുക എന്നതും കാന്പയിനിലുണ്ട്. ഹരിത കേരളത്തിൽ ഉൾപ്പെടുത്തി പുഴകളും മറ്റു ജലാശയങ്ങളും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യം കാഞ്ഞിരം-മലരിക്കൽ മേഖല കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്കുണ്ട്.
പദ്ധതിയുടെ ഭാഗമായി അയ്മനം പഞ്ചായത്തിൽ നെൽ വയലിലൂടെ രണ്ടു കിലോമീറ്റർ ദൂരത്തിൽ ഒരു നടപ്പാത നിർമിക്കുന്നുണ്ട്. രാത്രി സമയത്തെ ഉല്ലാസ നടത്തം ആസ്വാദ്യകരവും ഉല്ലാസപ്രദവുമാക്കാനായുള്ള എല്ലാ സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. പൂർണമായും പരിസ്ഥിതി സൗഹാർദപരമായ പശ്ചാത്തല സൗകര്യങ്ങളാണ് ഒരുക്കുന്നത് ഇക്കാര്യത്തിൽ ടൂറിസം വകുപ്പ് പ്രത്യേക നിഷ്കർഷ പുലർത്തുണ്ട്. നാമമാത്രമായ ഒരു തുകയാണ് ഈടാക്കുക. ഇടവഴികളിലൂടെയും ജലാശയങ്ങളിലൂടെയും സഞ്ചരിക്കാനും ഗ്രാമത്തിന്റെ സകല മുക്കും മൂലയും പരിചയപ്പെടാനുമുള്ള അവസരവും സഞ്ചാരികൾക്കായി ഒരുക്കും.
പരന്പരാഗതമായ ഗ്രാമീണ കലകളും കരകൗശല നൈപുണ്യവും നേരിട്ട് കാണുവാനും ആസ്വദിക്കുവാനുമുള്ള ഈ പദ്ധതി ഗ്രാമീണർക്കും പഞ്ചായത്തിനും അധിക വരുമാന മാർഗമാകും.ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ജലായനം-ഗ്രാമയാത്ര പദ്ധതി വൻ വിജയമാണ്. തിരുവാർപ്പിൽ അടുത്ത നാളിൽ നടത്തിയ വയലോര-കായലോര ഫെസ്റ്റിവലിൽ പ്രതിദിനം 6000 ത്തിലേറെപ്പേർ എത്തിച്ചേർന്നിരുന്നു.
ജലാശയടൂറിസം എന്ന ആശയത്തെ മുൻനിർത്തി കുമരകത്ത് ഉദയം ചെയ്ത ജലായനം-ഗ്രാമയാത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോട്ട് സവാരി, മീൻ പിടുത്തം,കള്ളുചെത്ത് തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെയാണ് ജലായനം ഗ്രാമയാത്ര പ്രോത്സാഹിപ്പിക്കുന്നത്. ബോട്ടിൽ യാത്ര ചെയ്ത് എത്നിക് കേന്ദ്രങ്ങൾ സന്ദർശിക്കാനും കരകൗശല വേലകൾ നേരിട്ട് കണ്ടറിയാനുമുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭ്യമാകുന്നു.
നെൽവയൽ സഞ്ചാരി പദ്ധതിതിയുടെ ആദ്യ ഘട്ടമായി കാഞ്ഞിരത്ത് ഒരു ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും.
സഞ്ചാരികൾക്ക് നെൽവയലുകളോട് ചേർന്ന് ഒരു ദിവസം മുഴുവൻ തങ്ങുവാനുള്ള പരിസ്ഥിതി സൗഹൃദ ടെന്റുകൾ നിർമിക്കും. പ്രദേശവാസികൾക്ക് അധിക വരുമാനം ലഭിക്കാനും പ്രദേശത്തിന്റെ പ്രകൃതി സന്പത്തിനു ഹാനികരമാവാതെ അവയുടെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കുകയുമാണ് നെൽവയൽ സഞ്ചാര പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ പറഞ്ഞു.