കുമരകം: കുമരകം ബോട്ട് ജെട്ടിയിലിരുന്ന് കരഞ്ഞ ഡിഗ്രി വിദ്യാർഥിനിയെ നാട്ടുകാർ അറിയിച്ചതനുസരിച്ചു പിങ്ക് പോലീസ് എത്തി സ്റ്റേഷനിലേക്കു മാറ്റി. പീന്നിട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പറയുന്നതിങ്ങനെ: കോട്ടയത്തെ കോളജിൽ ഡിഗ്രി വിദ്യാർഥിനിയായ മുഹമ്മ സ്വദേശിനിയായ പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. നാളുകൾക്കു മുന്‍പു ഈ യുവാവും കുടുംബവും അമേരിക്കയിലേക്കു പോയി.
ഇതോടെ യുവാവും വിദ്യാർഥിനിയും തമ്മിൽ അകന്നു. ഇതോടെ പെണ്‍കുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ അമേരിക്കയിലുള്ള യുവാവ് പെണ്‍കുട്ടിയെ വിളിക്കുകയും പഴയ പ്രണയ ബന്ധം തുടരാൻ നിർബന്ധിക്കുകയും ചെയ്തു.
പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഭീഷണിയായി. ഇന്നലെ മുഹമ്മയിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിൽ പെണ്‍കുട്ടിയെ അമേരിക്കയിലുള്ള പഴയ കാമുകൻ വിളിക്കുകയും ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയവഴി അയച്ചു നല്‍കുകയും ചെയ്തു.
ഇതോടെയാണു പെണ്‍കുട്ടി കുമരകം ബോട്ട് ജെട്ടിയിലിരുന്നു കരഞ്ഞത്. തുടർന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അമേരിക്കയിലുള്ള യുവാവിനെതിരെ മുഹമ്മ പോലീസിൽ പരാതി നല്കി.