കോട്ടയം: ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2021ൽനിന്ന് അന്താരാഷ്ട്ര ടൂറിസം കേന്ദ്രവും ഇന്ത്യയിലെ 17 ഐക്കോണിക് ഡെസ്റ്റിനേഷനുകളിൽ ഒന്നുമായ കുമരകത്തെ ഡിടിപിസി ഒഴിവാക്കി.
ടൂറിസം വകുപ്പിന്റെ ഏറ്റവും പ്രമുഖമായ കലാ സാംസ്കാരിക പരിപാടിയിൽ അന്തർദേശീയ ടൂറിസം കേന്ദ്രമായ കുമരകത്തെ ബോധപൂർവം ഒഴിവാക്കിയതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്.
കോവിഡിനുശേഷം കേരളത്തിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ടൂറിസ്റ്റുകൾ എത്തി തുടങ്ങിയ അപൂർവം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണു കുമരകം.
കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സ്വന്തം കൈയിൽനിന്നും പണം മുടക്കി കുമരകം ഫെസ്റ്റ് നടത്താൻ കുമരകത്തെ ഹൗസ് ബോട്ടുടമകളും റിസോർട്ട് ഉടമകളും ഇതര ടൂറിസം സംരംഭകരും ശ്രമിച്ചിരുന്നു.
സംഘാടന ചെലവിന് സഹായത്തിനായി ടൂറിസം മന്ത്രിയെ കുമരകത്തെ വിവിധ ടൂറിസം സംഘടനകൾ സമീപിച്ചപ്പോൾ ഈ വർഷം ഉത്സവം പരിപാടി വിപുലമായി കുമരകത്ത് സംഘടിപ്പിക്കുമെന്ന് സംരംഭകർക്ക് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഈ ഉറപ്പുകൾ എല്ലാം ഡിടിപിസി കാറ്റിൽ പറത്തിയെന്ന് സംരംഭകർ ആരോപിക്കുന്നു. കോട്ടയത്തും വൈക്കത്തുമാണ് ഉത്സവം പരിപാടി നടത്തുന്നത്.
കുമരകത്തെ നാല് പങ്കിൽ നിർമിച്ച ഹൗസ് ബോട്ട് ടെർമിനലിന്റെ നടത്തിപ്പ് അവകാശവുമായി ബന്ധപ്പെട്ട് കുമരകം പഞ്ചായത്തും ഡിടിപിസിയും തമ്മിൽ ഉടലെടുത്ത തർക്കത്തിനേ തുടർന്നു ഡിറ്റിപിസി സെക്രട്ടറി പകപോക്കൽ നടത്തിയതിന്റെ ഫലമായിട്ടാണ് കുമരകത്തെ ഒഴിവാക്കിയതെന്നു പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നു. സ്ഥലം എംഎൽഎ കെ. സുരേഷ്കുറുപ്പ് വിഷയത്തിൽ പഞ്ചായത്തിന്റെ നിലപാടിനൊപ്പമാണ്.
ടൂറിസം വകുപ്പാണ് സ്ഥലം നിശ്ചയിച്ചതെന്നും ഡിടിപിസിക്ക് ഇതിൽ യാതൊരു പങ്കില്ലെന്നും ഒരു ജില്ലയിൽ രണ്ടു സ്ഥലത്തു മാത്രമേ ഉത്സവം പരിപാടി നടത്താൻ അനുവാദമുള്ളുവെന്നും ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ പറഞ്ഞു.