കുമരകം: വീടുകയറി ആക്രമിച്ച സംഘത്തെ പിടികൂടിയപ്പോൾ പുറത്തു വരുന്നത് ചേരി തിരിഞ്ഞുള്ള ആക്രമണ സംഭവങ്ങൾ.
തിരുവോണനാളിൽ വീടുകയറി ആക്രമിച്ച് ഗൃഹനാഥനെയും മകനെയും മാരകമായി പരിക്കേൽപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചംഗസംഘത്തെ ഇന്നലെ കുമരകം പോലീസ് പിടികൂടിയിരുന്നു.
ചെങ്ങളം കോതമനശേരി ചന്ദ്രാനന്ദൻ (60), മകൻ അഖിൽ (25) എന്നിവരെ കന്പിവടിക്കും വടിവാളിനും വെട്ടി പരിക്കേൽപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് ഇന്നലെ രാവിലെ ഒന്പതിന് അറസ്റ്റ് ചെയ്തത്.
ചെങ്ങളം സ്വദേശികളായ കോതമനശേരി അജിത്ത് കണ്ണൻ (27), വള്ളോംതറ മനു (32), വള്ളോംതറ സുബിൻ (28), മാന്തറയിൽ റനീഷ് (36), കല്ലുങ്കൽ രാജേന്ദ്രബാബു (47) എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യവും ചേരി തിരിഞ്ഞുള്ള സംഘർഷവുമാണ് പരസ്പരം വീടു കയറിയുള്ള ആക്രമണത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
ആക്രമണമേറ്റ അഖിലും സംഘവും അയൽക്കാരനായ അജിത്തുമായി മുൻ വൈരാഗ്യമുണ്ടായിരുന്നു. ഓണത്തിനു മുന്പ് പല സന്ദർഭങ്ങളിലും അഖിലും സുഹൃത്തുക്കളും പിടിയിലായ അജിത്ത്, സുബിൻ എന്നിവരുമായി വാക്കു തർക്കവും വെല്ലുവിളികളും നടന്നിട്ടുണ്ട്.
പരസ്പരം ആക്രമിച്ച സംഭവങ്ങളും ഉണ്ടായിരുന്നു.അഖിലും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ വീടുകയറി മാരാകായുധങ്ങളുമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിനു ശേഷം അഖിലും പിതാവും ആശുപത്രിയിലായിരുന്ന സമയത്ത് അഖിലിന്റെ സുഹൃത്തുക്കൾ സംഘം ചേർന്ന് സുബിന്റെ വീടും ആക്രമിച്ചിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ തിരുവനന്തപുരത്തും കൊട്ടാരക്കരയിലുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ രാത്രിയും പകലും നടത്തി വരുന്ന പരിശോധനയുടെ ഫലമായാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.